Tuesday, April 30, 2024
spot_img

മഹാരാഷ്ട്ര ഐ എസ് മൊഡ്യൂൾ കേസിൽ അനസ്തേഷ്യ ഡോക്ടർ പൂനെയിൽ പിടിയിലായി; അറസ്റ്റ് സംസ്ഥാനത്ത് ഐ എസ് നിർദ്ദേശപ്രകാരം ഭീകരാക്രമണം പദ്ധതിയിടുന്നതിനിടെ; അന്വേഷണം തുടരുമെന്ന് എൻ ഐ എ

പൂനെ: മഹാരാഷ്ട്ര ഐ എസ് മൊഡ്യൂൾ കേസിൽ പൂനെയിൽ അനസ്തേഷ്യാ ഡോക്ടറെ അറസ്റ്റ് ചെയ്ത് എൻ ഐ എ. സംസ്ഥാനത്ത് ഐ എസ് പദ്ധതി പ്രകാരം ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌തു എന്നതാണ് കേസ്. ഇതേ കേസിൽ നേരത്തെ നാലുപേരെ എൻ ഐ എ സംഘം അറസ്റ്റ് ചെയ്തിരുന്നു. അദ്‌നാൻ അലി സർക്കാർ എന്ന ഡോക്ടറെ അറസ്റ്റ് ചെയ്തതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം അഞ്ചായി. പൂനെയിലെ നിരവധി ആശുപത്രികളിൽ ജോലിചെയ്യുന്ന ഇയാൾ ഐ എസ് ആശയങ്ങളിൽ ആകൃഷ്ടനാകുകയും രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്താനായി യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ചെയ്തു എന്നാണ് എൻ ഐ എ ആരോപണം. ജൂൺ 28 നാണ് എൻ ഐ എ കേസ് രജിസ്റ്റർ ചെയ്യുന്നത്.

സുബൈർ നൂർ മുഹമ്മദ്, താബിഷ് നാസർ സിദ്ദിഖി, ഷർജീൽ ഷെയ്ഖ്, സുൾഫിക്കർ അലി തുടങ്ങിയ ഭീകരരെയാണ് കഴിഞ്ഞ ജൂലൈ 03 ന് എൻ ഐ എ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതിൽ സുബൈറിനെ ചോദ്യം ചെയ്യുമ്പോഴാണ് അദ്‌നാൻ അലിയെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. തുടർന്ന് അലിയെ മുംബൈയിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പൂനെയിലെ ഡോക്ടറുടെ വീടും അന്നേദിവസം റെയ്‌ഡ്‌ നടത്തിയിരുന്നു. ഡിജിറ്റൽ ഉപകരണങ്ങളും രേഖകളുമടക്കം ഐ എസ് ബന്ധം തെളിയിക്കുന്ന നിരവധി തെളിവുകൾ പിടിച്ചെടുത്തതായും എൻ ഐ എ അറിയിച്ചു. സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന ക്രിമിനൽ കുറ്റകൃത്യങ്ങൾ നടത്താനും, രാജ്യത്തിനെതിരെ യുദ്ധം നടത്താനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന പ്രവർത്തനങ്ങൾക്കും ഇവർ പദ്ധതിയിട്ടിരുന്നു. എൻ ഐ എ ആണ് അദ്‌നാൻ അലിയെ അറസ്റ്റ് ചെയ്തതെന്നും റെയ്‌ഡ്‌ ഉൾപ്പെടെയുള്ള നടപടികളിൽ എല്ലാ സഹകരണവും ചെയ്തുനൽകിയതായി ലോക്കൽ പോലീസും അറിയിച്ചു.

Related Articles

Latest Articles