Friday, May 17, 2024
spot_img

രഹസ്യവിവരങ്ങൾ ലഷ്‌കറെ ത്വയിബ ഭീകരർക്ക് ചോർത്തി നൽകി; എന്‍ഐഎയിലടക്കം പ്രവർത്തിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥന്‍ അരവിന്ദ് ദിഗ്‌വിജയ് നേഗി അറസ്റ്റില്‍

ശ്രീനഗർ: പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജന്‍സി.

ലഷ്‌കറെ ത്വയിബ ഭീകരർക്ക് രഹസ്യവിവരങ്ങൾ ചോർത്തി എന്ന് കണ്ടെത്തിയതോടെയാണ് മുതിർന്ന പൊലീസുദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്‌തത്.

2021നവംബർ 6ന് രജിസ്റ്റർ ചെയ്‌ത കേസുമായി ബന്ധപ്പെട്ട് ഷിംല പോലീസ് സൂപ്രണ്ട് അരവിന്ദ് ദിഗ്‌വിജയ് നേഗി ഉൾപ്പെടെ ആറ് പേരാണ് അറസ്റ്റിലായത്.

അതേസമയം 2011ൽ ഐപിഎസ് ഓഫിസറായി സ്ഥാനക്കയറ്റം ലഭിച്ച നേഗി നേരത്തെ എൻഐഎയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എൻഐഎയിൽ നിന്ന് തിരിച്ചയച്ച ശേഷമാണ് നേഗിയെ ഷിംല എസ്പിയായി നിയമിച്ചത്.

മാത്രമല്ല ലഷ്‌കറെ ത്വയിബ ഭീകരർക്ക് പ്രാദേശിക പിന്തുണ നൽകിയ കാര്യം എൻഐഎ അന്വേഷിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

എന്നാൽ അന്വേഷണത്തിനിടെ ഉദ്യോഗസ്ഥർക്ക് നേഗിയുടെ പെരുമാറ്റത്തിൽ സംശയം തോന്നുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ നേഗി വിവരങ്ങൾ ചോർത്തി നൽകിയതായി കണ്ടെത്തുകയും ചെയ്തു.

പിന്നീട് വീട് പരിശോധിച്ചപ്പോൾ എൻഐഎയുടെ രഹസ്യ രേഖകൾ ലഷ്‌കറെ ത്വയിബ സഹായിക്ക് ചോർത്തി നൽകിയതായി കണ്ടെത്തി. ലഷ്‌കറെ ത്വയിബ സഹായിയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അരവിന്ദ് ദിഗ്വിജയ് നേഗി എന്‍ഐഎയില്‍ ഡെപ്യൂടേഷനില്‍ ആയിരിക്കുമ്പോള്‍ നിരവധി ഭീകരവാദ കേസുകള്‍ അന്വേഷിച്ചിരുന്നു. എന്‍ഐഎയില്‍ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്ന ഇയാള്‍ തീവ്രവാദ ഫണ്ടിങ്, ഐ എസ് റിക്രൂട്ട്മെന്റ്, വ്യാജ കറന്‍സി തുടങ്ങിയ വിവിധ കേസുകള്‍ അന്വേഷിച്ചിരുന്നു.

അതേസമയം നേഗിയുടെ അറസ്റ്റ് ഏജൻസിയുടെ അന്വേഷണത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചുവെന്നും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്നും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരിക്കുകയാണ്.

Related Articles

Latest Articles