Saturday, April 27, 2024
spot_img

‘ഇസ്ലാമിക ഭരണത്തിനായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു’, പിഎഫ്ഐ കേസിൽ അഞ്ചാം കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ

ദില്ലി: പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒ എം എ സലാം അടക്കം പിഎഫ്ഐയുടെ 59 ദേശീയ നേതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. 59 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.അഷ്‌റഫ് മൗലവിയാണ് ഒന്നാംപ്രതി.രാജ്യത്ത് ഇസ്ലാമിക ഭരണത്തിനായി സായുധ കലാപത്തിന് സംഘങ്ങളെ രൂപീകരിച്ചു എന്നതടക്കം ഗുരുതര ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്.പിഎഫ്ഐ കേസിൽ എൻഐഎ സമർപ്പിക്കുന്ന അഞ്ചാമത്തെ കുറ്റപത്രമാണിത്. പാലക്കാട് സ്വദേശി ശ്രീനിവാസനെ ആയുധധാരികളായ പിഎഫ്‌ഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ കേസും കേരളത്തില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ എന്‍ഐഎ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിഎഫ്‌ഐ ക്രിമിനല്‍ ഗൂഢാലോചന കേസിലെ പ്രതികളിലെ ചിലര്‍ക്ക് ശ്രീനിവാസന്‍ വധത്തിലും പങ്കുണ്ടെന്ന് എന്‍ഐഎ അന്വേഷണത്തില്‍ തെളിഞ്ഞതായും ഏജന്‍സി വക്താവ് അറിയിച്ചു. അതേസമയം ഇന്ന് സമര്‍പ്പിച്ച രണ്ട് കുറ്റപത്രങ്ങളിലെ പ്രതികള്‍ക്കെതിരെയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും, 1967 ലെ യുഎപിഎ, 1959 ലെ ആയുധ നിയമം എന്നിവ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

ഇതരമതസ്ഥർക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ജനങ്ങൾക്കിടയിൽ മതസ്പർദ്ധയുണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കാനായിരുന്നു ഇവരുടെ നീക്കമെന്നും കുറ്റപത്രത്തിൽ പറയുന്നു. മുസ്‌ലിം യുവാക്കൾക്കിടയിൽ ആയുധപരിശീലനം നടത്തിയെന്നും 2047ൽ ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചതെന്നും ഇതിനായി ധനസമാഹരണം നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.ഭീകരസംഘടനയായ ഐ.എസിന്റെ പിന്തുണയോടെ രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കാനായിരുന്നു ശ്രമം. തങ്ങളുടെ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നവരെ ഉൻമൂലനം ചെയ്യാൻ പി.എഫ്.ഐ പദ്ധതിയിട്ടെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

Related Articles

Latest Articles