ഇടുക്കി: പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ നാൽപ്പത്തിയെട്ടുകാരൻ അറസ്റ്റിൽ. ഇടുക്കി ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ ശാന്തിനഗര്‍ ആര്‍ കെ വി എസ്റ്റേറ്റിലെ താമസക്കാരനായ ഗണേശനാണ് പിടിയിലായത്. പീഡനത്തെ തുടര്‍ന്ന് അവശനിലയിലായ 19കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം യുവതിയെ വീട്ടിൽനിന്ന് കാണാതാകുകയായിരുന്നു. ഇതേതുടർന്ന് വീട്ടുകാരും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതോടെ മാതാപിതാക്കള്‍ നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
പെൺകുട്ടിയുടെ മുറിയിൽനിന്ന് ലഭിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താൻ സഹായകരമായത്. പ്രതിയുടെ മണക്കാടുള്ള താമസ സ്ഥലത്ത് നിന്ന് യുവതിയെ അവശനിലയില്‍ പോലീസ് കണ്ടെത്തി. സമീപത്തുനിന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

