Thursday, December 18, 2025

രക്തധമനികൾ മുറിഞ്ഞുപോയി… മരണ കാരണം കഴുത്തിലുള്ള ആഴത്തിലെ മുറിവ്; നിതിനയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

പാല: നിതിനയ്ക്ക് കണ്ണീരോടെ യാത്രാമൊഴി ചൊല്ലി നാട്. പാലാ സെന്റ് തോമസ് കോളേജിൽ സഹപാഠിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിതിനയുടെ (Murder In Pala) മൃതദേഹം വീട്ടിലെത്തിച്ചു. 12മണിയോടെയാണ് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിൽ എത്തിച്ചത്. വീട്ടിൽ ഒരു മണിക്കൂർ പൊതു ദർശനത്തിന് വെച്ച ശേഷം സഹോദരന്റെ വീട്ടിലാണ് സംസ്കാരം നടന്നത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിലാപയാത്രയായി മൃതദേഹം സ്വദേശത്തേയ്‌ക്ക് ആശുപത്രിയിൽ നിന്നും കൊണ്ടുപോയത്.

രക്തധമനികൾ മുറിഞ്ഞുപോയി; മരണകാരണം രക്തം വാർന്നത്

അതേസമയം നിതിനയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. രക്തധമനികൾ മുറിഞ്ഞുപോയിരുന്നു. നിതിനയുടെ കഴുത്തിലേറ്റ മുറിവ് ആഴത്തിലും വീതിയിലുമുള്ളതാണെന്നും, രക്തം വാർന്നതാണ് മരണകാരണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ഇന്നലെയാണ് പാലാ സെന്റ് തോമസ് കോളജ് വിദ്യാർത്ഥിയായിരുന്ന നിതിന മോൾ സഹപാഠിയായ അഭിഷേകിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നിതിനയെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അഭിഷേക് കഴുത്തറുക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും നിതിന മരിച്ചു.

പ്രണയ നൈരാശ്യത്തെ തുടർന്നാണ് കൊലയെന്നായിരുന്നു അഭിഷേകിന്റെ മൊഴി. നിതിനയെ കൊലപ്പെടുത്താൻ കരുതിക്കൂട്ടിയാണ് അഭിഷേക് എത്തിയതെന്നതിന്റെ തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് മുൻപ് അഭിഷേക് മൂർച്ചയുള്ള ബ്ലേഡ് വാങ്ങിക്കരുതിയത് നിതിനയെ കൊലപ്പെടുത്താനാണെന്നാണ് പോലീസ് പറയുന്നത്. എല്ലാവർക്കും പ്രിയങ്കരിയായിരുന്ന നിതിനയുടെ മരണം നാടിനെ ആകെ ഞെട്ടിച്ചിരുന്നു.

Related Articles

Latest Articles