Tuesday, April 30, 2024
spot_img

നിതിൻ ഗഡ്കരിക്ക് വധഭീഷണി ലഭിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ;ഭീഷണി കോളിന് പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള കൊലക്കേസ് പ്രതിയാണെന്ന് എൻഐഎ

നാഗ്പൂർ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി ലഭിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ. ഇതിന്റെ ഭാഗമായി എൻഐഎയുടെ സംഘം നാഗ്പൂരിലെത്തി. ഭീഷണി കോളിന് പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള കൊലക്കേസ് പ്രതിയാണെന്ന് എൻഐഎ ഉദ്യോഗസ്ഥൻ അറിയിച്ചു.

നാഗ്പൂരിലെ നിതിൻ ഗഡ്കരിയുടെ ഔദ്യോഗിക വസതിയിലെ ലാൻഡ്‌ലൈൻ നമ്പറിലേക്ക് ജനുവരി 14 നാണ് വധഭീഷണി കോൾ വരുന്നത്. ആദ്യ ഭീഷണി കോളിൽ വിളിച്ചയാൾ താൻ ദാവൂദ് ഇബ്രാഹിം സംഘത്തിലെ അംഗമാണെന്ന് പറഞ്ഞ് ഗഡ്കരിയോട് 100 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ മാർച്ച് 21 ന് 10 കോടി രൂപ ആവശ്യപ്പെട്ട് വീണ്ടും വിളിച്ചു. അതേസമയം, പൊലീസ് അന്വേഷണത്തിൽ ഇയാൾക്ക് ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരുമായി ബന്ധമുണ്ടെന്നും രാജ്യത്തിന്റെ വടക്ക് കിഴക്കൻ മേഖലകളിൽ നിന്ന് ആയുധപരിശീലനം നേടിയിട്ടുണ്ടെന്നും കണ്ടെത്തി. ഇതോടെയാണ് കേസ് എൻഐഎയ്ക്ക് കൈമാറാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുന്നത്. തുടർന്ന് യുഎപിഎ ചുമത്തി മാർച്ച് 28 ന് പ്രതിയെ നാഗ്പൂരിലേക്ക് കൊണ്ടുവന്നു. എന്നാൽ വീണ്ടും ഈ മാസം മൂന്നാമത്തെ ഭീഷണി കോൾ ലഭിച്ചു. ഇതേതുടർന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കീഴിലുള്ള എൻഐഎ സംഘം നാഗ്പൂരിൽ എത്തിയിരിക്കുകയാണ്. സംഭവത്തിൽ ദന്തോലി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളുടെ എഫ്ഐആർ എൻഐഎ സംഘം ശേഖരിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും എൻഐഎ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Related Articles

Latest Articles