പുതുച്ചേരി: പുതുച്ചേരി തീരത്ത് നിവാര്‍ ചുഴലിക്കാറ്റ് കര തൊട്ടു. ബുധനാഴ്ച രാത്രി 10:30 ഓടെയാണ് പോണ്ടിച്ചേരിയില്‍ കരയിലെത്തിയ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട്ടില്‍ ശക്തിപ്രാപിക്കുമെന്നാണ് കരുതുന്നത്. തമിഴ്നാട് സര്‍ക്കാര്‍ ശനിയാഴ്ച വരെ പൊതു അവധി പ്രഖ്യാപിച്ചു. ചെന്നൈ വിമാനത്താവളം 12 മണിക്കൂര്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. നഗരത്തിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് 26 വിമാനങ്ങൾ റദ്ദാക്കി. ലക്ഷക്കണക്കിന് ആളുകളെ തീരദേശത്തുനിന്നും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു. ചെമ്ബരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
ചെന്നൈയില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തിലാകും കാറ്റ് വീശുക. മണിക്കൂറില്‍ 130 മുതല്‍ 155 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞടിക്കാമെന്നാണു മുന്നറിയിപ്പ്. പുതുച്ചേരി തീരത്ത് മഹാബലിപുരത്തിനും കാരയ്ക്കലിനുമിടയില്‍ മണിക്കൂറില്‍ 120-145 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പുതുച്ചേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ സേനയും തീരദേശ സേനയും രംഗത്തുണ്ട്.

