Friday, May 17, 2024
spot_img

”ഇനി മിണ്ടാതിരിക്കാനാവില്ല, ഈ പ്രതിഷേധശബ്ദം ഒരു അഗ്നിപർവതം പോലെ പൊട്ടിത്തെറിക്കും”; ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര

തെഹ്റാൻ: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്​ത്രീകൾക്ക് പിന്തുണയുമായി നടി പ്രിയങ്ക ചോപ്ര. ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനിയുടെ മരണത്തിനു പിന്നാലെയാണ് ഇറാനിൽ പ്രതിഷേധം ശക്തമായത്. നിരവധി സ്ത്രീകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. ഇപ്പോഴിതാ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഇറാനിയൻ സ്ത്രീകൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം വഴിയാണ് പ്രിയങ്ക ഇറാനിയൻ സ്ത്രീകൾക്ക് പിന്തുണയറിയിച്ചത്.

വർഷങ്ങൾ നീണ്ട നിശ്ശബ്ദതയെ ഭേദിക്കുന്ന ഈ പ്രതിഷേധശബ്ദം ഒരു അഗ്നിപർവതം പോലെ പൊട്ടിത്തെറിക്കും. ഈ പ്രതിഷേധ പ്രവാഹത്തെ തടഞ്ഞുനിർത്തുക അസാധ്യമാണ്”.
നിങ്ങളുടെ ധൈര്യവും നിശ്ചയദാർഢ്യവും എന്നെ അമ്പരപ്പിച്ചിരിക്കുന്നു. സ്വന്തം ജീവനു തന്നെ ഭീഷണിയാകുന്ന രീതിയിൽ, ഒരു പുരുഷാധിപത്യ വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ട് അവകാശങ്ങൾക്കായി പോരാടുന്നത് ഒരിക്കലും എളുപ്പമല്ല. എന്നാൽ നിങ്ങൾ ധീരരായ സ്ത്രീകളാണ്.”-എന്നാണ് പ്രിയങ്ക കുറിച്ചത്.

അധികാരികൾ പ്രതിഷേധക്കാർക്കു നേരെ കണ്ണ് തുറക്കണമെന്നും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും പ്രശ്നങ്ങൾ മനസിലാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

സെപ്തംബർ 13 നാണ് മഹ്‌സ അമിനിയെ അറസ്റ്റ് ചെയ്തത്. തന്റെ കുടുംബത്തോടൊപ്പം തെഹ്‌റാൻ മെട്രോ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിനിടെയായിരുന്നു സംഭവം. അമിനിയെ സ്ത്രീകൾക്ക് ഹിജാബ് ശിരോവസ്ത്രവും മാന്യമായ വസ്ത്രവും ധരിക്കണമെന്ന ഇറാന്റെ കർശനമായ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

അറസ്റ്റിലായ മഹ്‌സ അമിനിക്ക് പോലീസിന്റെ ക്രൂര മർദ്ദനം നേരിടേണ്ടി വന്നു. തുടർന്ന് ഏതാനും ദിവസങ്ങൾക്കകം അമിനി കോമയിലായി. തലക്കടിയേറ്റാണ് അമിനി അബോധാവസ്ഥയിലായത് എന്നാണ് ആക്ടിവിസ്റ്റുകൾ പറയുന്നത്. മൂന്നു ദിവസമാണ് അമിനി കോമയിൽ കിടന്നത്. എന്നാൽ മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് ഇറാൻ അധികൃതർ നൽകുന്ന വിശദീകരണം.

അമിനിയുടെ മരണത്തിന് ശേഷം ഇറാനിലെ സ്ത്രീകൾ അവരുടെ തെരുവുകളിൽ പ്രതിഷേധം ആരംഭിച്ചു. പലരും സ്വന്തം തലമുടി മുറിച്ചാണ് പ്രതിഷേധിച്ചത്. കൂടാതെ ഹിജാബ് കത്തിച്ചും സ്ത്രീകൾ പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ ലോകമെമ്പാടുമുള്ള സ്​ത്രീകൾ ഇവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു.

Related Articles

Latest Articles