Friday, May 17, 2024
spot_img

“ഇനി ആ കൗണ്ട്ഡൗണ്‍ ശബ്ദമില്ല” ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞ എന്‍.വളര്‍മതി വിടവാങ്ങി

ഐ.എസ്.ആർ.ഒയുടെ കൗണ്ട് ഡൗണുകൾക്ക് പിന്നിലെ ശബ്ദസാന്നിദ്ധ്യമായിരുന്ന ശാസ്ത്രജ്ഞ എൻ.വളർമതി അന്തരിച്ചു. ഐ.എസ്.ആർ. ഒയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ വിജയകരമായ വിക്ഷേപണത്തിലും ശബ്ദസാന്നിദ്ധ്യമായിരുന്നു വളർമതി. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം.

ശ്രീഹരിക്കോട്ടയിൽ നിന്നുമുള്ള ഐ.എസ്.ആർ.ഒയുടെ ഭാവി ദൗത്യങ്ങളിൽ വളർമതിയുടെ ശബ്ദസാന്നിദ്ധ്യം ഉണ്ടായിരിക്കില്ല എന്നത് വേദനാജനകമാണെന്ന് മുൻ ഐ.എസ്.ആർ.ഒ ഡയറക്ടർ ഡോക്ടർ പി.വി വെങ്കിടകൃഷ്ണൻ പറഞ്ഞു. അതേസമയം, ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിർമ്മിത റഡാർ ഇമേജിംഗ് ഉപഗ്രഹമായ, റിസാറ്റ്-1ന്റെ പ്രൊജക്ട് ഡയറക്ടറായിരുന്നു വളർമതി. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ അബ്ദുൾ കലാം പുരസ്കാരം 2015ൽ കരസ്ഥമാക്കിയത് വളർമതിയായിരുന്നു.

തമിഴ്നാട്ടിലെ അരിയാളൂരിലാണ് വളർമതിയുടെ ജനനം. നിർമ്മല ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കോയമ്പത്തൂർ ഗവണ്മെന്റ് കോളേജ് ഓഫ് ടെക്നോളജിയിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടി. തുടർന്ന് അണ്ണാ സർവകലാശാലയിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടർന്ന് 1984ലാണ് വളർമതി ഐ.എസ്.ആർ. ഒയുടെ ഭാഗമാകുന്നത്. ഇന്ത്യയുടെ അഭിമാന ദൗത്യങ്ങളായ ഇൻസാറ്റ് 2എ, ഐ ആർ എസ് 1സി, ഐ ആർ എസ് 1ഡി, ടെസ് എന്നിവയ്ക്ക് പിന്നിലും വളർമതി പ്രവർത്തിച്ചു. 2011ൽ ജിസാറ്റ്-12 ദൗത്യം നയിച്ച ടി കെ അനുരാധക്ക് ശേഷം ഐ എസ് ആർ ഒയുടെ ഒരു ദൗത്യം നയിച്ച രണ്ടാമത്തെ വനിത കൂടിയാണ് എൻ വളർമതി.

Related Articles

Latest Articles