Friday, April 26, 2024
spot_img

ധനസ്ഥിതിയെക്കുറിച്ച് കള്ളം പറയുന്നു; സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നവെന്നാരോപിച്ച മാത്യു കുഴല്‍ നാടന്റെ അനുമതി നിഷേധിച്ച് സ്പീക്കര്‍

തിരുവനന്തപുരം; സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് ധനമന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചു. മാത്യു കുഴല്‍ നാടനാണ് നോട്ടീസ് നല്‍കിയത്.

കേരള സര്‍ക്കാരിന്‍റെ തെറ്റായ ധനകാര്യ മാനേജ്മെന്‍റിന്‍റെ പരിണിത ഫലമായി സംസ്ഥാനം നിലവില്‍ അഭിമുഖീകരിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ധൂര്‍ത്തും ദുര്‍ചെലവും നിയന്ത്രിക്കാതെ. കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്‍റെ തിരിച്ചടവ് ബാധ്യതകളില്‍ നിന്നും പിന്‍മാറുന്നത് ഉള്‍പ്പെടുത്തിയുള്ള നടപടികളിലൂടെ സാമൂഹ്യ ക്ഷേമ പെൻഷൻ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍മാറുന്നതു മൂലം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശങ്ക സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു മാത്യു കുഴല്‍നാടന്‍റെ നോട്ടീസ്,

എന്നാല്‍ അടിയന്തര പ്രമേയ നോട്ടീസില്‍ ഉന്നയിക്കുന്ന ആക്ഷേപം അടിസ്ഥാന രഹിതമാമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. വൃദ്ധരെ പ്രതിപക്ഷം ആശങ്ക പെടുത്തുന്നുവെന്നും , സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും ബാലഗോപാൽ വിശദീകരിച്ചു.

അതേസമയം സാമൂഹ്യക്ഷേമ പെൻഷൻ നൽകുന്ന കമ്പനി വായ്പയെടുത്താണ് പെൻഷൻ നൽകുന്നതെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കടമെടുപ്പിന് സർക്കാർ ഗ്യാരണ്ടി പിൻവലിക്കുന്ന ഉത്തരവ് ഇറക്കി , അതോടെ പെൻഷൻകാർക്ക് ആശങ്കയുണ്ട്. കിഫ്ബിയുെട കടം ബജറ്റിന് പുറത്താണെന്ന് ധനമന്ത്രിക്ക് പറയാനാകുമോ ?ധനസ്ഥിതിയെ കുറിച്ച് സർക്കാർ കള്ളം പറയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്ത്രപ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം നിയമസഭ നടപടികളുമായി സഹകരിച്ചിട്ടുണ്ട്

Related Articles

Latest Articles