Tuesday, May 7, 2024
spot_img

‘രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യില്ല, ചെയ്യാൻ അനുവദിക്കുകയുമില്ല’; പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി

ദില്ലി: പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും മറ്റുള്ളവരെ ചെയ്യാൻ അനുവദിക്കില്ലെന്നുമാണ് വിമർശനം. പാർലമെന്റിന്റെ പുതിയ കെട്ടിടത്തെ ഈ വിഭാഗം എതിർത്തു. 70 വർഷമായി രാജ്യത്തിന്റെ രക്തസാക്ഷികൾക്ക് യുദ്ധസ്മാരകം പോലും ഇക്കൂട്ടർ നിർമ്മിച്ചില്ലെന്ന് മോദി കുറ്റപ്പെടുത്തി.

‘ഇന്ന് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഇന്ത്യയിലാണ്. ആഗോളതലത്തിൽ ഇന്ത്യയുടെ യശസ്സ് വർദ്ധിച്ചു. ഇന്ത്യയോടുള്ള ലോകത്തിന്റെ മനോഭാവം മാറിയതിന് രണ്ട് പ്രധാന കാരണങ്ങളുണ്ട്. ആദ്യത്തേത് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയിലെ ജനങ്ങൾ പൂർണ്ണ ഭൂരിപക്ഷത്തോടെ ഒരു സർക്കാർ രൂപീകരിച്ചു എന്നതാണ്. രണ്ടാമതായി, പൂർണ്ണ ഭൂരിപക്ഷമുള്ള സർക്കാർ വ്യക്തതയോടെ വലിയ തീരുമാനങ്ങൾ എടുക്കുകയും വെല്ലുവിളികൾക്ക് ശാശ്വത പരിഹാരത്തിനായി പ്രവർത്തിക്കുകയും ചെയ്തു’ എന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമാണ് പുനർവികസന പ്രക്രിയ. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ഇതൊരു പുതിയ അധ്യായത്തിന്റെ തുടക്കമാണെന്ന് മോദി പറഞ്ഞു.

Related Articles

Latest Articles