ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ഗണപതിഭഗവാനെ സംബന്ധിച്ച വിശ്വാസത്തെ വിമർശിച്ചുകൊണ്ടുള്ള കേരളാ നിയമസഭാസ്പീക്കർ ഷംസീറിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായി വിമർശിച്ച് എൻഎസ്എസ്. സ്പീക്കർ മാപ്പ് പറയണമെന്നും പ്രസ്താവന പിൻവലിക്കണമെന്നും എൻഎസ്എസ് വ്യക്തമാക്കി. ഇത്തരം പ്രസ്താവന ജനാധിപത്യത്തിന്റെ ശ്രീകോവിലായ അസംബ്ലിയെ നിയന്ത്രിക്കുന്ന വ്യക്തിക്ക് യോജിച്ചതല്ലെന്നും പറഞ്ഞ സാഹചര്യം എന്തായാലും അത് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും, സ്പീക്കറുടെ പ്രസ്താവന അതിരു കടന്നുപോയെന്നും എൻഎസ്എസ് വ്യക്തമാക്കി.
ഓരോ മതത്തിനും അതിന്റേതായ വിശ്വാസപ്രമാണങ്ങളുണ്ടെന്നും അതിനെ ചോദ്യം ചെയ്യാൻ ആർക്കും അർഹതയോ അവകാശമോ ഇല്ലെന്നും മതസ്പർധ വളർത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും അത് അംഗീകരിക്കാവുന്നതല്ലെന്നും എൻഎസ്എസ് വിമർശിച്ചു.
ഈ സാഹചര്യത്തിൽ നിയമസഭാസ്പീക്കർ എന്ന നിലയിൽ തൽസ്ഥാനത്ത് തുടരുന്നതിനുതന്നെ അദ്ദേഹത്തിന് അർഹതയില്ലെന്നും വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുവിധം സ്പീക്കർ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് അവരോട് മാപ്പുപറയുകയാണ് ചെയ്യേണ്ടതെന്നും അല്ലാത്തപക്ഷം സ്പീക്കർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാനസർക്കാരിന് ബാധ്യതയുണ്ടെന്നും എൻഎസ്എസ് കൂട്ടിച്ചേർത്തു.

