മാഹി: ഗർഭിണികളാകാത്ത സ്ത്രീകളെ ലൈംഗിക വേഴ്ചയിലൂടെ ഗർഭം ധരിപ്പിക്കുന്ന ജോലിക്ക് ആളെ വേണം എന്ന പരസ്യത്തിന് പിന്നാലെ ജോലിക്ക് അപേക്ഷ നൽകിയ അന്യ സംസ്ഥാന തൊഴിലാളിക്ക് അരലക്ഷം രൂപയാണ് നഷ്ടമായത്. മാഹിയിലാണ് വിചിത്രസംഭവം അരങ്ങേറിയത്. മാഹി ദേശീയ പാതയ്ക്ക് സമീപത്തെ ലോഡ്ജിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളിയായ സാജൻ ബട്ടാരി (34) ആണ് തട്ടിപ്പിനിരയായത്. ഓൺലൈൻ തട്ടിപ്പുകാരാണ് ഇത്തരത്തിൽ പറ്റിച്ചതെന്നാണ് പോലീസ് പറയുന്നത്.
ജോലിക്ക് ചേരാനുള്ള അപേക്ഷാ ഫീസ്, പ്രൊസസിങ് ചാർജുകൾ എല്ലാം ചേർത്ത് ആദ്യം 49,500 രൂപ അടയ്ക്കണമെന്നായിരുന്നു യുവാവിനു ഇതുസംബന്ധിച്ചു ലഭിച്ച സന്ദേശം. പിന്നാലെ സാജൻ ക്യൂആർ കോഡ് അയച്ചു കൊടുത്തു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നിക്ഷേപത്തിൽ നിന്നു മിനിറ്റുകൾക്കുള്ളിൽ 49,500 രൂപ നഷ്ടപ്പെട്ടതായും മനസിലാക്കി. ജോലി ചെയ്യുന്ന ലോഡ്ജിന്റെ ഉടമയോട് പണം നഷ്ടപ്പെട്ടതായി സാജൻ വ്യക്തമാക്കി. ഉടമ മാഹി പൊലീസിൽ പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ മാഹി സിഐ കെബി മനോജ് അന്വേഷണം ഏറ്റെടുത്തു. പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. രാജസ്ഥാൻ ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തട്ടിപ്പുകാർ. കോടതി അനുമതി ലഭിച്ചാൽ പണം യുവാവിനു തിരികെ ലഭിക്കും. പ്രതികളെ ഉടൻ പിടികൂടുമെന്നു പൊലീസ് വ്യക്തമാക്കി.

