Friday, March 29, 2024
spot_img

ഇടത് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയ താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു എന്‍.എസ്.എസ്; നിലപാട് കടുപ്പിച്ച് സുകുമാരൻ നായർ

മാവേലിക്കര: ഇടത് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയ താലൂക്ക് യൂണിയൻ എന്‍.എസ്.എസ് നേതൃത്വം ഇടപെട്ട് പിരിച്ചുവിട്ടു. മാവേലിക്കര യൂണിയന്‍ ഓഫീസില്‍ വോട്ട് അഭ്യര്‍ത്ഥനയുമായി എത്തിയ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മാവേലിക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം നൽകിയതിനാണ് യൂണിയൻ പിരിച്ചുവിട്ടത്. യു.ഡി.എഫിനും ബി.ജെ.പിക്കും അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന നേതൃത്വത്തിന്റെ നിര്‍ദ്ദേശം തള്ളിയാണ് മാവേലിക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം നല്‍കിയത്.

താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.ടി.കെ. പ്രസാദും നാല് അംഗങ്ങളുമാണ് ഇവിടെ നേതൃത്വത്തിന്റെ രാഷ്ട്രീയ നിലപാട് ചോദ്യം ചെയ്തത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം കരയോഗം പ്രവര്‍ത്തകരുടെ വീടുകളില്‍ എത്തിക്കണമെന്ന അറിയിപ്പ് യൂണിയന്‍ കമ്മിറ്റി നിരാകരിച്ചിരുന്നു. ചില മണ്ഡലങ്ങളില്‍ ബി.ജെ.പിക്കും ചിലയിടങ്ങളില്‍ യു.ഡി.എഫിനും പിന്തുണ നല്‍കുകയെന്ന നയത്തിനെതിരായി വിയോജനക്കുറിപ്പ് നല്‍കിയതും പുറത്താക്കലിന് കാരണമായി.

ശബരിമല വിഷയത്തില്‍ ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തിയ സര്‍ക്കാരിന് കനത്ത താക്കിതാകണം തെരഞ്ഞെടുപ്പ് ഫലമെന്നാണ് നേതൃത്വത്തിന്റ ആഹ്വാനം. ഇതിനെതിരെ നീങ്ങുന്നവര്‍ എന്‍എസ്എസില്‍ ഉണ്ടാകില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ജി സുകുമാരന്‍ നായര്‍ നല്‍കുന്നത്. എന്‍എസ്എസിലെ ഭിന്നത മുതലെടുക്കാനുള്ള സിപിഎം നീക്കം മുളയിലേ നുള്ളണമെന്ന നിര്‍ദ്ദേശം താഴെ തട്ടിലേക്ക് പോയിട്ടുണ്ട്.

Related Articles

Latest Articles