Sunday, May 19, 2024
spot_img

പ്രവാചകനിന്ദ ആരോപണം; വിവാദത്തിൽ ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്ക, മനുഷ്യാവകാശങ്ങളെ ബഹുമാനിക്കാൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കും: ഇന്ത്യയുടെ നടപടിയിൽ സന്തോഷമെന്ന് അമേരിക്ക

വാഷിംഗ്ടൺ: പ്രവാചകവിവാദത്തിൽ ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്ക. ഇന്ത്യ നടപടി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. വിവാദ പരമാർശം നടത്തിയവരുടെ പ്രസ്താവനകളെ ബിജെപി അപലപിച്ചതിൽ സന്തോഷമുണ്ടെന്നും അമേരിക്ക കൂട്ടിച്ചേർത്തു. അമേരിക്കൻ വിദേശകാര്യ വക്താവ് നെഡ് പ്രൈസ് മാധ്യമങ്ങളോട് പറഞ്ഞു.

മതസ്വാതന്ത്ര്യം, വിശ്വാസം ഉൾപ്പെടെയുള്ള മനുഷ്യാവകാശ വിഷയങ്ങളിൽ ഇന്ത്യൻ സർക്കാരുമായി പതിവായി ചർച്ച ചെയ്യാറുള്ളതാണ്. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കാൻ ഇന്ത്യയെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്’ എന്നും നെഡ് പ്രൈസ് വ്യക്തമാക്കി.

സംഭവത്തിൽ, അറബ് രാജ്യങ്ങൾ ഉൾപ്പെടെ അതൃപ്തി അറിയിച്ച് ആദ്യം രംഗത്ത് എത്തിയിരുന്നെങ്കിലും ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയതോടെ തിരുത്തുകയും ചെയ്തു. വിവാദത്തിന് പിന്നാലെ ഇന്ത്യ വേഗത്തിൽ നടപടി എടുത്തതും , വിവാദത്തിന് കാരണമായ സാഹചര്യം വിശദീകരിച്ചതും മൂലം ഖത്തർ ഉൾപ്പടെയുള്ള അറബ് രാജ്യങ്ങളിൽ പലതും ഇന്ത്യയ്‌ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.

പ്രവാചകവിവാദം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ചില മുസ്ലീം രാഷ്‌ട്രങ്ങളിൽ ഇത് വിവാദ വിഷയമായിരിക്കാം. എന്നാൽ ബംഗ്ലാദേശിൽ ഇത് പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട വിഷയമാണ് എന്ന് തോന്നുന്നില്ലെന്നും ബംഗ്ലാദേശ് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

പ്രവാചകനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ തൃപ്തികരമെന്ന് ഇറാൻ നേരത്തെ തന്നെ പറഞ്ഞിരുന്നു.എല്ലാ മതങ്ങളോടും ആദരവ് പുലർത്തുന്ന ജനതയാണ് ഇന്ത്യയിലേത്. ആ ജനങ്ങളുടെ മനസാക്ഷിയുടെ അംഗീകാരമാണ് ഇന്ത്യൻ സർക്കാർ. മതസൗഹാർദ്ദത്തിന്റെ ലോകമാതൃകയായ ഇന്ത്യയിൽ ചരിത്രാതീതകാലം മുതൽ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ സൗഹൃദത്തിലും സാഹോദര്യത്തിലും ജീവിക്കുന്നു. മുസ്ലീങ്ങളുടെ മതപരമായ വിഷയങ്ങളിൽ ആശങ്കാജനകമായ സംഭവവികാസങ്ങൾ ഉണ്ടാകുമ്പോൾ അവ പരിഹരിക്കാൻ സന്മനസ്സ് കാണിക്കുന്ന ഇന്ത്യൻ സർക്കാരിന് നന്ദി അറിയിക്കുകയാണെന്നും ഇറാനിയൻ വിദേശകാര്യ വകുപ്പ് മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles