Thursday, May 2, 2024
spot_img

മതഭ്രാന്തന്മാർക്ക് സ്മാരകം നിർമ്മിക്കുന്ന രാജ്യം ഇന്ത്യയെ ഉപദേശിക്കണ്ട; ഇന്ത്യയിലെ മത സ്വാതന്ത്ര്യത്തെ കുറിച്ച് മോശം പരാമർശം നടത്തിയ പാക്കിസ്ഥാൻ പ്രധാനമന്ത്രിക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ തിരിച്ചടി

ദില്ലി: ഇന്ത്യയിൽ മത സ്വാതന്ത്ര്യമില്ലെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പ്രസ്താവനക്കെതിരെ ശക്തമായ മറുപടിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ന്യൂനപക്ഷ അവകാശങ്ങള്‍ സ്ഥിരം ലംഘിക്കുന്ന പാക്കിസ്ഥാന്‍ മറ്റ് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് പ്രതികരിക്കുന്നത് അപഹാസ്യമാണ്. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, അഹമ്മദീയ വിഭാഗങ്ങളെ പാക്കിസ്ഥാന്‍ വേട്ടയാടുന്നതിനു ലോകം സാക്ഷിയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ എല്ലാ മതങ്ങള്‍ക്കും വലിയ ബഹുമാനമാണ് നല്‍കുന്നത്. മതഭ്രാന്തന്മാരെ പുകഴ്ത്തുകയും അവരെ ആദരിച്ച് സ്മാരകങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന പാക്കിസ്ഥാനിലെ സ്ഥിതിക്കു വിഭിന്നമാണ് ഇന്ത്യയിലെ സാഹചര്യം. ഇന്ത്യയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കാതെ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഭരണനേതൃത്വം ചെയ്യേണ്ടതെന്നും ഇന്ത്യ വ്യക്തമാക്കി.

നരേന്ദ്ര മോദിയുടെ ഭരണത്തില്‍ മുസ്ലിംകളുടെ അവകാശങ്ങള്‍ ഇന്ത്യയില്‍ ഹനിക്കപ്പെടുകയാണെന്നും ഇന്ത്യയില്‍ മതസ്വാതന്ത്ര്യം നഷ്ടമായെന്നും ലോകരാജ്യങ്ങള്‍ ഇതില്‍ ശക്തമായി പ്രതിഷേധിക്കണമെന്നും ഇന്ത്യയ്ക്കു താക്കീത് നല്‍കണമെന്നും അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവനയാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാനും പാക്കിസ്ഥാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

Related Articles

Latest Articles