Monday, May 6, 2024
spot_img

പൊന്നോണ പൂവിളിയില്‍ നാളെ അത്തം; ഇനി ഓണാഘോഷത്തിന്റെ നാളുകൾ; സെപ്റ്റംബർ 29ന് തിരുവോണം

ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി നാളെ അത്തം പിറക്കുകയാണ്. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ദിവസമാണ് അത്തം. പത്തുനാള്‍ വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കി മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നു. വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ കേരളം വാണിരുന്ന അസുര ചക്രവര്‍ത്തി മഹാബലി തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് തിരുവോണമെന്നാണ് വിശ്വാസം. തിരുവോണ നാളില്‍ പ്രജകളെ കാണാനെത്തുന്ന മഹാബലി ചക്രവര്‍ത്തിയെ സ്വീകരിക്കുന്നതിനായാണ് പ്രജകള്‍ പൂക്കളം ഒരുക്കിയിരുന്നതെന്നാണ് ഐതീഹ്യം.

ഓണത്തിന് മലയാളികള്‍ക്ക് ഒഴിവാക്കാനാവാത്തതാണ് പൂക്കളം. അത്തം മുതല്‍ തിരുവോണം വരെയുളള പത്ത് ദിവസമാണ് പൂക്കളമിടേണ്ടത്. എന്നാല്‍ എല്ലാ സ്ഥലങ്ങളിലും ഒരുപോലെ അല്ല ഈ പൂക്കളമിടല്‍.. ചില പ്രദേശങ്ങളില്‍ അത്തം നാളില്‍ ഒരു നിര പൂക്കളമാണെങ്കില്‍ ഓരോ ദിവസം കഴിയുന്തോറും വളയങ്ങളുടെ എണ്ണം കൂടി വരും. തിരുവോണ നാളില്‍ പത്ത് വളയങ്ങളുടെ പൂക്കളമാണ് ഒരുക്കുക. പൂക്കളമിടേണ്ടത് ചാണകം മെഴുകിയ തറയിലാകണം എന്നാണ് പരമ്പരാഗതമായ വിശ്വാസം. പൂക്കളം പല മോഡലുകളിലും ആകൃതിയിലും ആളുകള്‍ ഒരുക്കാറുണ്ട്. എന്നാല്‍ പൂക്കളം ഒരുക്കേണ്ടത് വൃത്താകൃതിയില്‍ തന്നെ വേണം എന്നാണ് വിശ്വാസം.

ആദ്യ മൂന്നുനാള്‍ തുമ്പപ്പൂ മാത്രം. ദിവസം ചെല്ലുംതോറും പൂക്കളം വികസിക്കും. ഉത്രാടത്തിന് പരമാവധി വലുപ്പമാകും. പരമ്പരാഗത രീതിപ്രകാരം അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് ഇട്ട് അലങ്കരിക്കുക മാത്രമാണ് ചെയ്യാറ്. പിന്നീടുള്ള ദിവസങ്ങളില്‍ പൂക്കളമൊരുക്കാന്‍ വിവിധതരം പൂക്കളും ഉപയോഗിക്കുന്നു.

Related Articles

Latest Articles