Thursday, May 9, 2024
spot_img

വീണ്ടും വില്ലനായി ഓൺലൈൻ ലോൺ ആപ്പ് ! വയനാട്ടിൽ ഗൃഹനാഥനെ ആത്മഹത്യ ചെയ്തത് ലോൺ ആപ്പുമായി ബന്ധപ്പെട്ട ഭീഷണി മൂലം ! ഭീഷണി സന്ദേശമയച്ച നമ്പറിലേക്ക് മരണവിവരം അറിയിച്ചപ്പോള്‍ ‘നല്ല തമാശ’യെന്ന് മറുപടി

കൽപ്പറ്റ : വയനാട്ടിൽ ലോട്ടറി വിൽപ്പനക്കാരനായിരുന്ന ഗൃഹനാഥനെ ആത്മഹത്യ ചെയ്തത് ലോൺ ആപ്പുമായി ബന്ധപ്പെട്ട ഭീഷണി മൂലമെന്ന് റിപ്പോർട്ട് . അരിമുള സ്വദേശി ചിറകോണത്ത് അജയ് രാജാണ് ആത്മഹത്യ ചെയ്തത്. ഇയാൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. വിൽപ്പനയ്ക്കുള്ള ലോട്ടറി എടുക്കാനായിപ്പോയ അജയ് രാജിനെ കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഫോണിൽ വിളിക്കാൻ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ അരിമുള എസ്റ്റേറ്റിനോടു ചേർന്ന് അജയ് രാജിന്റെ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ അജയ് രാജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അജയ് രാജ് ഓൺലൈൻ ലോൺ ആപ്പിൽനിന്നു കടം എടുത്തിരുന്നതായും പറയുന്നു. ഇതേത്തുടർന്ന് പണം തിരിച്ചടയ്ക്കാൻ ഭീഷണി വന്നിരുന്നതായും പറയുന്നു. ഭീഷണി സന്ദേശമയച്ച നമ്പറിലേക്ക് മരണവിവരം അറിയിച്ചപ്പോള്‍ ‘നല്ല തമാശ’ എന്നായിരുന്നു മറുപടി. മോർഫ് ചെയ്ത ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി അജയ് രാജിന്റെ സുഹൃത്തുക്കളും ആരോപിച്ചു. അജയ് രാജിന്റെ സമൂഹ മാദ്ധ്യമത്തിലെ സുഹൃത്തുക്കളിൽ ചിലർക്ക് കുടുംബാംഗങ്ങളുടെ ഉൾപ്പെടെ മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചുകൊടുത്തിരുന്നതായാണ് വിവരം. ഹിന്ദി സംസാരിക്കുന്ന ആളുകൾ പണം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. അജയ് രാജിന്റെ ഫോൺ കസ്റ്റഡിയിലെടുത്ത പൊലീസ്, വിശദമായ പരിശോധന നടത്തുകയാണ്.

അതെ സമയം കടമക്കുടിയിലെ കൂട്ട ആത്മഹത്യയിൽ ഓൺലൈൻ ലോൺ ആപ്പിനെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. മരിച്ചവരുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് വരാപ്പുഴ പൊലീസ് കേസെടുത്തത്. കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിൽ ഓൺലൈൻ ആപ്പുകാരുടെ ഭീഷണിയെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കടമക്കുടി മാടശ്ശേരി നിജോ (39), ഭാര്യ ശിൽപ (29), മക്കളായ എയ്ബൽ (8), ആരോൺ (6) എന്നിവരെയാണ് ചൊവ്വാഴ്ച വീടിനകത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ജീവിതം അവസാനിപ്പിക്കുന്നുവെന്ന് മുറിയിൽ കണ്ടെടുത്ത കത്തിൽ പറഞ്ഞിരുന്നു.
മരിച്ച ശിൽപയെ ഓ‍ണ്‍ലൈൻ ലോൺ ആപ്പിലൂടെ പണം കടമെടുത്തിരുന്നതായും പണം മുഴുവനായും തിരികെ അടച്ചിട്ടും ഇനിയും തിരിച്ചടവ് ഉണ്ടെന്ന രീതിയിൽ ആപ്പിൽ നിരന്തരം ഭീഷണിയുണ്ടായിരുന്നു എന്നുമാണ് ലഭിക്കുന്ന റിപ്പോർട്ട്. കുടുംബത്തിന്റെ മരണശേഷം ശില്‍പയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ബന്ധുക്കളുടെ ഫോണിലേക്കു വന്നതോടെയാണ് സംശയം ശക്തമായത്. ലോണ്‍ തിരിച്ചടച്ചില്ലെങ്കില്‍ ചിത്രം പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ടായിരുന്നു.

ശിൽപയെടുത്ത വായ്പയിൽ 9300 രൂപ കുടിശ്ശികയുണ്ടെന്ന് കാണിച്ച് നിജോയുടെ ബന്ധുവിന് ഓൺലൈൻ ആപ്പുകാർ സന്ദേശമയച്ചിരുന്നു. അടച്ചുതീർക്കാനുള്ള തുക കാണിച്ചുള്ള സ്റ്റേറ്റ്‌മെന്റും ശിൽപയുടെ ചിത്രവും ഒരു ശബ്ദസന്ദേശവും ഒപ്പമയച്ചു. വിളിച്ചിട്ട് ശിൽപ ഫോൺ എടുക്കുന്നില്ലെന്നും പണം ഉടൻ തന്നെ അടച്ചില്ലെങ്കിൽ ശിൽപയുടെ മോർഫ് ചെയ്ത നഗ്നചിത്രം ശിൽപയുടെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് അയച്ചുനൽകുമെന്നായിരുന്നു ഭീഷണി. കുടുംബത്തിൻെറ മരണ ശേഷവും മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് ഓൺലൈൻ ലോൺ ആപ്പുകാർ നിരന്തരം ഭീഷണി സന്ദേശങ്ങൾ അയക്കുകയാണ് . ഭീഷണി സന്ദേശമെത്തിയത് ശ്രീലങ്കൻ നമ്പറിൽ നിന്നാണ് എന്നാണ് വിവരം.

Related Articles

Latest Articles