Wednesday, May 8, 2024
spot_img

ഓപ്പറേഷൻ ഗംഗ: റൊമാനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനവുമെത്തി; വിമാനത്തിലുള്ളത് മലയാളികളുൾപ്പെടെ 249 ഇന്ത്യക്കാർ

ദില്ലി: ഓപ്പറേഷൻ ഗംഗ (Operation Ganga) രക്ഷാദൗത്യം വിജയകരമായി കുതിക്കുന്നു. മലയാളികളുൾപ്പെടെ 249 ഇന്ത്യക്കാരുമായി റൊമാനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനവുമെത്തി. ഇതിൽ 12 പേർ മലയാളികളാണ്. ഇതോടെ യുദ്ധഭൂമിയായി മാറിയ യുക്രെയ്‌നിൽ നിന്നും ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 1157 ആയി. ഇവരിൽ 93 പേർ മലയാളികളാണ്. മൂന്ന് ദിവസത്തിനുള്ളിൽ 7 വിമാനങ്ങൾ കൂടി രക്ഷാദൗത്യത്തിന്റെ ഭാഗമാകുമെന്നാണ് വിവരം. അതേസമയം യുക്രെയ്‌നിലെ റഷ്യൻ ആക്രമണത്തിൽ വലയുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത് ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അടിയന്തര യോഗം ചേർന്നിരുന്നു.

യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന അജണ്ടയെന്നായിരുന്നു യോഗത്തിലെ തീരുമാനം. ഇന്നലെ രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ യോഗം രണ്ട് മണിക്കൂർ നീണ്ടുനിന്നു. ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ എന്തൊക്കെ കാര്യം ചെയ്യണമെന്ന് യോഗം ചർച്ച ചെയ്കു. രക്ഷാ ദൗത്യം എങ്ങനെ പുരോഗമിക്കുന്നുവെന്നതും യോഗം വിലയിരുത്തി. വിവിധ മുഖ്യമന്ത്രിമാർ നൽകിയ കത്തുകളും യോഗത്തിൽ ചർച്ചയായി.

അതേസമയം യുക്രെയ്‌നിൽ യുദ്ധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. തലസ്ഥാനമായ കീവിൽ വ്യോമാക്രമണത്തിന് മുന്നോടിയായുള്ള സൈറണുകൾ മുഴങ്ങി. സാപോർഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായതായാണ് വിവരം.

Related Articles

Latest Articles