Saturday, January 10, 2026

ഒറ്റപ്പാലത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍

പാലക്കാട്: ഒറ്റപ്പാലത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍. കണ്ണിയംപുറത്ത് ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയിരുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി വിശ്വനാഥ് മേസ്ത്രിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ടു വര്‍ഷത്തിലധികമായി കണ്ണിയംപുറത്തെ ക്ലിനിക്കില്‍ ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിവരികയായിരുന്നു ഇയാള്‍. ആയുര്‍വേദത്തിന് പുറമേ അലോപ്പതി ചികിത്സയും നടത്തിവന്നിരുന്ന ഇയാള്‍ക്കെതിരെ പോലീസ് ആസ്ഥാനത്ത് പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വ്യക്തമായത്.

36 കാരനായ വിശ്വനാഥിനെ ഒറ്റപ്പാലം പോലീസാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാന പോലീസ് ആസ്ഥാനത്ത് ലഭിച്ച പരാതി പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറുകയുമായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരായ എസ് ഷിബു, ആയുര്‍വേദ ഡ്രഗ് ഇന്‍സ്പെക്ടര്‍മാരായ എസ്.ബി ശ്രീജന്‍, അധീഷ് സുന്ദര്‍ എന്നിവരടങ്ങുന്ന സംഘം ഒറ്റപ്പാലത്തെത്തി പരിശോധന നടത്തി.

ഇയാളുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 15 വര്‍ഷമായി സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ചികിത്സ നടത്തിയിരുന്ന വിശ്വനാഥിനെതിരെ വ്യാജരേഖ ചമക്കല്‍, ആള്‍മാറാട്ടം, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

Related Articles

Latest Articles