Saturday, May 4, 2024
spot_img

നിലവിൽ മൂന്നുകോടി ജനങ്ങള്‍ ലോക്ഡൗണില്‍; വീണ്ടും കോവിഡ് ഭീതിയില്‍ ചൈന?, കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ഭരണകൂടം

ബെയ്ജിങ്: കോവിഡ് വ്യാപനം ചൈനയില്‍ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. ചൊവ്വാഴ്ച പുറത്തുവന്ന കണക്കുകളനുസരിച്ച് ചൈനയിലുടനീളം ഏകദേശം മൂന്നുകോടി ജനങ്ങള്‍ ലോക്ഡൗണിലാണ്. ചൈനയിലെ കോവിഡ് കേസുകള്‍ നിത്യേന ഇരട്ടിക്കുന്നത് ലോകത്താകമാനം ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് ഇപ്പോൾ. ചൊവ്വാഴ്ച ചൈനയില്‍ 5,280 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ ഇരട്ടിയിലധികം വരും ഇത്. ചൈനയുടെ ‘സീറോ-കോവിഡ്’ യജ്ഞത്തിന് വലിയ തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഒമിക്രോണ്‍ വ്യാപനം.

എന്നാൽ രാജ്യവ്യാപകമായി കുറഞ്ഞത് 13 നഗരങ്ങളെങ്കിലും ചൊവ്വാഴ്ച പൂര്‍ണ്ണമായും ലോക്ഡൗണിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മറ്റ് പല നഗരങ്ങളിലും ഭാഗിക ലോക്ക്ഡൗണ്‍ തുടരുകയാണ്. കടുത്ത നിയന്ത്രണമുള്ള നഗരങ്ങളില്‍ പൊതുഗതാഗതം പൂര്‍ണമായും തടഞ്ഞിട്ടുണ്ട്. ജനങ്ങളോട് മൂന്നുവട്ടം കോവിഡ് പരിശോധന നടത്താനും അധികൃതര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ചൊവ്വാഴ്ച രാവിലെ ബീജിങ്ങിലെയും ഷാങ്ഹായിലെയും വിമാനത്താവളങ്ങളിലെ നിരവധി ആഭ്യന്തര വിമാനങ്ങള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. പരിശോധനയിലും ലോക്ഡൗണുകളിലും ഇളവ് നല്‍കുന്നത് തല്‍ക്കാലം അസാധ്യമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ 2019 മുതല്‍ ലോക്ഡൗണ്‍, യാത്രാനിയന്ത്രണങ്ങള്‍, വ്യാപകമായ പരിശോധനകള്‍ തുടങ്ങി കര്‍ശനമായ നിയന്ത്രണങ്ങളാണ് ചൈന ഏര്‍പ്പെടുത്തിയിരുന്നത്.

Related Articles

Latest Articles