Friday, May 24, 2024
spot_img

മൂന്നുപേർക്കും കുറ്റകൃത്യത്തിൽ നേരിട്ട് പങ്ക്; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അറ്റകൈ പ്രയോഗമെന്ന് മൊഴി; ഓയൂർ കേസിൽ പ്രതി പത്മകുമാറിന്റെയും ഭാര്യ അനിതയുടെയും മകൾ അനുപമയുടെയും അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം: ഓയൂർ തട്ടിക്കൊണ്ട് പോകൽ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. പൂയപ്പള്ളി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒന്നാം പ്രതി ചാത്തന്നൂർ സ്വദേശി പത്മകുമാറിനും ഭാര്യ അനിതകുമാരിക്കും മകൾ അനുപമയ്ക്കും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് കരുതുന്നു. മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി മറ്റ് നടപടികളിലേക്ക് കടക്കാനാണ് ആലോചന. താൻ മാത്രമാണ് പ്രതിയെന്നും ഭാര്യയും മകളും നിരപരാധിയാണെന്നുമാണ് ഇയാൾ ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ പിന്നീടുള്ള ചോദ്യം ചെയ്യലിൽ മറ്റ് രണ്ടുപേരുടെയും പങ്ക് വ്യക്തമാകുകയായിരുന്നു. മകൾ അനുപമ 5 ലക്ഷത്തോളം ഫോള്ളോവേർസ് ഉള്ള യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും ആണെന്നാണ് റിപ്പോർട്ട്.

സാമ്പത്തിക ബാധ്യതകളാണ് കുറ്റകൃത്യം നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്നും പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ കുട്ടിയെ സുരക്ഷിതമായി തിരിച്ചേൽപ്പിക്കാൻ വേണ്ടിയാണ് കുട്ടിയെ ഉപേക്ഷിക്കാൻ ആശ്രാമം മൈതാനം തെരഞ്ഞെടുത്തതെന്നും മൊഴി. പത്മകുമാറിന്റെ ഭാര്യതന്നെയാണ് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത്. ഗൂഡാലോചനയിലും തട്ടിക്കൊണ്ട് പോകലിലും പത്മകുമാറിന്റെ ഭാര്യക്കും മകൾക്കും നേരിട്ട് പങ്കുണ്ടെന്ന് പോലീസ് ഉറപ്പിക്കുന്നു. കൂടുതൽ പ്രതികൾ കേസിൽ ഉണ്ടോ എന്ന കാര്യം അന്വേഷിക്കും.

അതേസമയം ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ പിടിയിലായ പത്മകുമാറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തില അംഗമായ പത്മകുമാർ, ചാത്തന്നൂർ മാമ്പള്ളിക്കുന്നത്ത് ബഹുനില വീട്ടിലായിരുന്നു താമസം. സമീപത്തുള്ളവരുമായി കാര്യമായ സഹകരണം ഇല്ലാതെയായിരുന്നു പത്മകുമാറിന്റെ ജീവിതം.

Related Articles

Latest Articles