Wednesday, September 30, 2026

ഇന്ത്യയുമായുള്ള വ്യാപാരബന്ധം വിച്ഛേദിച്ചതിന് പിന്നാലെ പാകിസ്താന് കനത്ത തിരിച്ചടി; സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവെന്ന് വിദഗ്ധര്‍

ദില്ലി : ഇന്ത്യയുമായി വ്യാപാരബന്ധം വിച്ഛേദിച്ച പാകിസ്ഥാന്‍റെ തീരുമാനം അവര്‍ക്ക് തന്നെ തിരിച്ചടിയും പ്രതിസന്ധിയും സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍.

വ്യാപാരത്തിനുള്ള ഉത്പന്നങ്ങള്‍ക്കായി പാക്കിസ്ഥാന്‍ ഇന്ത്യയെയാണ് ആശ്രയിക്കുന്നതെന്നിരിക്കെ ഈ തീരുമാനം അവര്‍ക്ക് കോടികളുടെ ബാദ്ധ്യത വരുത്തിവയ്ക്കും . കയറ്റുമതിയുടെ കാര്യത്തില്‍ ദുര്‍ബ്ബലമാണെന്നതിനാല്‍ പ്രതിസന്ധി മറികടക്കാന്‍ പുതിയ വഴികള്‍ പാകിസ്ഥാന്‍ തേടേണ്ടി വരുമെന്നും വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.

ജൈവവളങ്ങള്‍, പരുത്തി, പ്ലാസ്റ്റിക്, ചായങ്ങള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ വലിയ പ്രിയമായതിനാല്‍ ഇന്ത്യയ്ക്ക് പുതിയ വിപണി കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ ഇതിനായി പാക്കിസ്ഥാന് ഇന്ത്യയുടെ ഉപഭോക്തൃ രാജ്യങ്ങളെ ആശ്രയിക്കണം. ഇന്ത്യയില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്തിരുന്ന ഈ വസ്തുക്കള്‍ പാക്കിസ്ഥാന്‍ ഇനി മറ്റുള്ളവരില്‍ നിന്ന് ഇരട്ടി വില കൊടുത്ത് വാങ്ങേണ്ടിവരും. ഇത് അവരുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നതിന് കാരണമാകുമെന്നാണ് സാന്പത്തിക വിദഗ്ദരുടെ പക്ഷം.

കഴിഞ്ഞ ആറ് മാസമായി ഭാഗികമായി കച്ചവടം നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ പാക്കിസ്ഥാന്‍റെ സാമ്പത്തിക വളര്‍ച്ചയെ കാര്യമായി ബാധിച്ചിട്ടുണ്ട്. അനുദിനം സാമ്പത്തിക സ്ഥിതി താഴേയ്ക്ക് നീങ്ങുന്നതിനാല്‍ തന്നെ ഇന്ധന വില വര്‍ദ്ധിപ്പിക്കേണ്ട അവസ്ഥയിലാണ് പാകിസ്ഥാന്‍.

രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പാക്കിസ്ഥാന്‍റെ തീരുമാനം ആഗോള വ്യാപാര നിയമങ്ങള്‍ ലംഘിച്ചിരിക്കുകയാണ്. ഇന്ത്യന്‍ വ്യാപാരമേഖലയുടെ സ്വാധീനം ലോകരാഷ്ട്രങ്ങള്‍ക്കിടയിലും വര്‍ധിച്ചു വരുന്ന സാഹചര്യവും പാകിസ്ഥാന് തലവേദനയുണ്ടാക്കുന്നുണ്ട്. വ്യാപാരത്തിനായി പാകിസ്ഥാന്‍ ദുബായിയുമായി ബന്ധപ്പെട്ടെന്നാണ് സൂചന. എന്നാല്‍ ഇന്ത്യയും ദുബായിയും തമ്മിലുള്ള വ്യാപാരബന്ധം മികച്ചതാണെന്നത് പാക്കിസ്ഥാന് തിരിച്ചടിയാകും. ഏകപക്ഷിയമായ തീരുമാനമായതു കൊണ്ട് നഷ്ടവും ഏകപക്ഷീയമായിരിക്കുമെന്ന് ടി പി സി ഐ ചെയര്‍മാന്‍ മോഹിത് സിംഗ്ല അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാന്‍ അശ്രയിച്ചിരുന്ന ചൈനയാകട്ടെ അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തെ തുടര്‍ന്ന തിരിച്ചടി നേരിടുകയാണ്. മാത്രമല്ല, വ്യാപാരമേഖലയില്‍ ഇന്ത്യന്‍ വിപണിയാണ് ചൈനയ്ക്ക് ഏറെ ഗുണം ചെയ്യുക. അതുകൊണ്ടു തന്നെ ചൈന പാകിസ്ഥാനെ എത്രത്തോളം സഹായിക്കുമെന്ന കാര്യവും കണ്ടറിയേണ്ടതാണ്.

Related Articles

Latest Articles