Thursday, May 2, 2024
spot_img

ഇമ്രാൻ ഖാന്റെ സർക്കാർ സമ്പൂർണ്ണ പരാജയം; പാകിസ്ഥാനിൽ പെട്രോളിയം ഡീലർമാർ കൂട്ടത്തോടെ പണിമുടക്കിലേക്ക്

ഇസ്ലാമബാദ്: പാകിസ്ഥാനിൽ പെട്രോളിയം ഡീലർമാർ (Petroleum Dealers) കൂട്ടത്തോടെ പണിമുടക്കിലേക്ക്. രാജ്യവ്യാപകമായാണ് ഇന്ന് പണിമുടക്ക് നടത്തുന്നത്. ഡീലർമാരുടെ ലാഭവിഹിതം വർധിപ്പിക്കുന്നതിൽ ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടന്നാണ് ഡീലർമാരുടെ ആരോപണം. ഇതിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ (പിപിഡിഎ) പണിമുടക്കുന്നത്.

എന്നാൽ സമരം എപ്പോൾ അവസാനിക്കുമെന്ന് പിപിഡിഎ പരാമർശിച്ചിട്ടില്ലെങ്കിലും, ഇന്ന് പുലർച്ചെ ആറുമണി മുതൽ രാജ്യത്ത് ഡീലർമാർ പണിമുടക്കിന് തുടക്കംകുറിച്ചു. നവംബർ 20 ന് ലാഹോറിൽ പെട്രോളിയം ഡീലർമാരുടെ ഒരു യോഗം നടന്നിരുന്നു. ഇതിൽ പാകിസ്ഥാൻ സർക്കാർ മൂന്ന് വർഷം മുമ്പ് ലാഭവിഹിതം ഉയർത്തുമെന്ന് ചൂണ്ടിക്കാണിച്ചതായി ഇവർ വ്യക്തമാക്കിയിരുന്നു. എന്നാൽ അത് ഇതുവരെയും നടപ്പിലാക്കിയിട്ടില്ല.അതുകൊണ്ടുതന്നെ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റവും കാരണം ഡീലർമാർക്ക് ഇന്ധന സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്നും പിപിഡിഎ വ്യക്തമാക്കിയിരുന്നു.

നേരത്തെ, നവംബർ അഞ്ചിന് ഡീലർമാർ സമരം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സർക്കാർ പ്രതിനിധികൾ നവംബർ 3 ന് അവരുമായി നടത്തിയ ചർച്ചയെത്തുടർന്ന് സമരം പിൻവലിച്ചു. ഇതിനുപിന്നാലെ ലാഭവിഹിതം 6 ശതമാനം വരെ വർദ്ധിപ്പിക്കാൻ സർക്കാർ സമ്മതിക്കുകയും തീരുമാനം നടപ്പിലാക്കാൻ നവംബർ 17 വരെ സമയം തേടുകയും ചെയ്തു. എന്നാൽ ഈ തീരുമാനത്തെക്കുറിച്ച് സർക്കാർ പിന്നീട് ഒന്നും തന്നെ പറഞ്ഞില്ല എന്നാണ് ഡീലർമാർ പറയുന്നത്. അതേസമയം, പണിമുടക്കിന് ഒരു ദിവസം മുമ്പ്, ഇസ്ലാമാബാദ്, റാവൽപിണ്ടി, കറാച്ചി എന്നിവയുൾപ്പെടെ പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ നഗരങ്ങളിലെ പെട്രോൾ സ്റ്റേഷനുകളിൽ ആളുകൾ തങ്ങളുടെ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ തിരക്കുകൂട്ടുന്ന ചിത്രങ്ങളും, വിഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

Related Articles

Latest Articles