Monday, May 20, 2024
spot_img

സര്‍, മേഡം വിളികൾ ഒഴിവാക്കാത്ത പാലക്കാട് നഗരസഭയില്‍ പ്രതിഷേധവുമായി സംസ്കാര സാഹിതി

പാലക്കാട്: പാലക്കാട് നഗരസഭയിൽ സര്‍, മേഡം വിളികൾ ഒഴിവാക്കാത്തതിനെതിരെ പ്രതിഷേധവുമായി
സംസ്കാര സാഹിതി. നഗരസഭയ്ക്ക് മുന്നിൽ സര്‍ വിളിച്ചും നാടകം അവതരിപ്പിച്ചുമായിരുന്നു പ്രതിഷേധം. മാത്തൂര്‍ ഗ്രാമപഞ്ചായത്ത് സർ, മേഡം വിളികൾ ഒഴിവാക്കിയതിന് പിന്നാലെ പാലക്കാട് നഗരസഭയിലും ഇത് നടപ്പാക്കണമെന്ന ആവശ്യം പലകോണുകളിൽ നിന്നും ഉയര്‍ന്നിരുന്നു. എന്നാൽ, ഇതിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സംസ്കാര സാഹിതിയുടെ പ്രതിഷേധം.

കൊളോണിയൽ സംസ്കാരം നഗരസഭ പിന്തുടരുകയാണെന്നാണ് ഇവരുടെ ആരോപണം. സര്‍ എന്ന പേരിൽ നഗരസഭ കവാടത്തിന് മുന്നിൽ പ്രതിഷേധക്കാര്‍ നാടകവും അവതരിപ്പിച്ചു. നാടകത്തിന് പിന്നാലെ സര്‍ എന്ന് ഉച്ചത്തിൽ വിളിച്ചും പ്രവര്‍ത്തകർ പ്രതിഷേധിച്ചു. നാൽപ്പതോളം പഞ്ചായത്തുകൾ സര്‍, മേഡം വിളികൾ ഒഴിവാക്കിയെന്നും ഇതിന് തയാറാകാത്ത മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിലും സമാന രീതിയിൽ പ്രതിഷേധം നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.

പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാരെ ‘സാര്‍’, ‘മാഡം’ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് നിരോധിച്ച് പാലക്കാട് ജില്ലയിലെ മാത്തൂര്‍ പഞ്ചായത്താണ് ആദ്യം മാതൃക കാട്ടിയത്. സര്‍, മാഡം തുടങ്ങിയ വിളികള്‍ കൊളോണിയല്‍ ഭരണത്തിന്‍റെ ശേഷിപ്പുകളാണ്. ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യ സ്വതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പിന്നിട്ടു. ജനാധിപത്യവും ജനധിപത്യ സര്‍ക്കാരുമാണ് നമ്മേ ഭരിക്കുന്നത് – ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ച മാത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പിആര്‍ പ്രസാദ് അന്ന് പറഞ്ഞത് ഇങ്ങനെയാണ്.

മുതിര്‍ന്ന ജീവനക്കാരെ അഭിസംബോധന ചെയ്യാന്‍ സാര്‍, മാഡം എന്നതിന് പകരം ‘ചേട്ടാ’,’ചേച്ചി’ എന്നീ വാക്കുകള്‍ ഉപയോഗിക്കാം. ഒപ്പം തന്നെ ‘അപേക്ഷിക്കുന്നു’, ‘അഭ്യര്‍ത്ഥിക്കുന്നു’ എന്നിവ തങ്ങളുടെ ആവശ്യങ്ങള്‍ അറിയിച്ചുള്ള കത്തുകളില്‍ ഉപയോഗിക്കേണ്ടതില്ലെന്നും പഞ്ചായത്ത് പ്രമേയം പറയുന്നു. ഇതിന് പകരം ആവശ്യപ്പെടുന്നു, താല്‍പ്പര്യപ്പെടുന്നു എന്നീ വാക്കുകള്‍ ഉപയോഗിക്കാം. മാത്തൂര്‍ മാതൃക ഒരുപാട് തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിരുന്നു.

Related Articles

Latest Articles