Thursday, October 15, 2026

പാലക്കാട് സ്ട്രോങ്ങ് റൂം വിവാദം: വാർത്തകൾ തള്ളി കളക്ടർ; വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിയന്ത്രണം കടുപ്പിച്ചു

പാലക്കാട്: നെന്മാറ നിയോജക മണ്ഡലത്തിലെ സ്ട്രോങ്ങ് റൂം തുറന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു. വോട്ട് രേഖപ്പെടുത്തിയ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ്ങ് റൂമോ അതിനോട് അനുബന്ധിച്ചുള്ള മറ്റ് മുറികളോ തുറന്നിട്ടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം നടത്തിയ അന്വേഷണത്തിൽ വ്യക്തമായതായി കളക്ടർ അറിയിച്ചു.

സ്ട്രോങ്ങ് റൂം സജ്ജീകരിച്ചിട്ടുള്ള ഗവ. വിക്ടോറിയ കോളേജ് കെട്ടിടത്തിൽ തന്നെ മറ്റ് തെരഞ്ഞെടുപ്പ് രേഖകൾ സൂക്ഷിച്ചിരുന്ന മുറി (മെറ്റീരിയൽ റൂം) ക്രമീകരിച്ചിട്ടുണ്ട്. വോട്ടെണ്ണലിന് മുന്നോടിയായുള്ള ‘എൻകോർ ഡാറ്റ’ തയ്യാറാക്കുന്നതിനായി ഈ മുറി തുറക്കാൻ വരണാധികാരി തീരുമാനിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി എല്ലാ സ്ഥാനാർത്ഥികൾക്കും മുൻകൂട്ടി കത്ത് നൽകിയിരുന്നതായും അധികൃതർ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം സ്ഥാനാർത്ഥികളുടെ പ്രതിനിധികളുടെയും വീഡിയോഗ്രാഫി ടീമിന്റെയും സാന്നിധ്യത്തിലാണ് നടപടികൾ നിശ്ചയിച്ചിരുന്നത്.

മുറി തുറക്കുന്നത് സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിക്കുകയും രാഷ്ട്രീയ വിവാദമാവുകയും ചെയ്ത സാഹചര്യത്തിൽ, പ്രസ്തുത മുറി തുറക്കേണ്ടതില്ലെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ നിർദ്ദേശം നൽകി. ഇതേത്തുടർന്ന് വരണാധികാരിക്ക് ജില്ലാ കളക്ടർ കർശന നിർദ്ദേശം കൈമാറി. വോട്ടെണ്ണലിന് മുൻപ് ഇലക്ഷൻ കമ്മീഷന്റെ പ്രത്യേക അനുമതിയില്ലാതെ കേന്ദ്രത്തിലെ യാതൊരു മുറികളും തുറക്കാൻ പാടില്ലെന്നും കളക്ടർ വ്യക്തമാക്കി.

നെന്മാറ, പേരാമ്പ്ര സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ അതീവ ജാഗ്രത പാലിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഉത്തരവിട്ടു. വോട്ടെണ്ണൽ കഴിയുന്നത് വരെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച കേന്ദ്രങ്ങളിലെ സീൽ ചെയ്യാത്ത മുറികൾ പോലും തുറക്കരുത് എന്നാണ് പുതിയ നിർദ്ദേശം. നെന്മാറയിൽ മുറി തുറക്കാൻ തീരുമാനിച്ചതിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണം തേടിയിട്ടുണ്ട്.

Related Articles

Latest Articles