Sunday, April 28, 2024
spot_img

പാർലമെന്റ് അതിക്രമം! നാല് പ്രതികൾ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ ! പ്രതികൾക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ്

ദില്ലി : പാർലമെന്റിനുള്ളിൽ കടന്നുകയറി അതിക്രമം നടത്തിയ സംഭവത്തിൽ നാലു പ്രതികളെ ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായ ചോദ്യംചെയ്യലിനായാണ് കസ്റ്റഡിയിൽ വിട്ടത്.
പ്രതികൾ മുംബൈയിൽനിന്നാണ് സ്മോക്ക് ബോംബ് വാങ്ങിയതെന്നും ഇവ ഷൂസിനുള്ളിൽ വച്ചാണ് അകത്തുകൊണ്ടുവന്നതെന്നും പോലീസ് കോടതിയിൽ വ്യക്തമാക്കി. ലക്നൗവിൽനിന്നാണ് ഷൂസ് വാങ്ങിയത്. അതിനാൽ തന്നെ തെളിവെടുപ്പിനായി മുംബൈയിലും ലക്നൗവിലും കൊണ്ടുപോകേണ്ടതിനാൽ 15 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും കോടതി ഏഴു ദിവസം അനുവദിക്കുകയായിരുന്നു.

മൈസൂരു സ്വദേശി ഡി.മനോരഞ്ജൻ (35), ലക്നൗ സ്വദേശി സാഗർ ശർമ (27), പാർലമെന്റ് ഗേറ്റിനു പുറത്ത് സ്‌മോക്ക് ബോംബ് ഉപയോഗിച്ച് മുദ്രാവാക്യം വിളിച്ച ഹരിയാന ജിന്ദ് സ്വദേശിനി നീലം ദേവി (37), മഹാരാഷ്ട്ര ലാത്തൂർ സ്വദേശി അമോൽ ഷിൻഡെ (25) എന്നിവരെയാണ് ദില്ലി പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. ഇവർക്കെതിരെ യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. ഇവർക്ക് ലഭിച്ച ഫണ്ട് അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും. പ്രതികളുടെ പ്രവർത്തനരീതി ഭീകരാക്രമണവുമായി സാമ്യമുള്ളതാണെന്നും പോലീസ് കോടതിയിൽ വ്യക്തമാക്കി

സംഭവത്തിൽ ഇവർക്ക് പുറമെ ഗുരുഗ്രാമിൽനിന്നു ഹിസാർ സ്വദേശി വിശാൽ ശർമ (വിക്കി) എന്നയാളെയും ഇയാളുടെ ഭാര്യയെയും അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് ഗുരുഗ്രാമിൽ താമസമൊരുക്കിയ ലളിത് ഝായ്‌ക്കുള്ള അന്വേഷണം തുടരുകയാണ്.

Related Articles

Latest Articles