Thursday, September 24, 2026

റബർ തോട്ടത്തിലേക്ക് വാഹനം മറിഞ്ഞ് അപകടം; രാത്രി മുഴുവൻ മരണത്തോട് മല്ലടിച്ചുകിടന്ന യുവാവ് മരിച്ചു

കല്ലൂപ്പാറ ∙ രാത്രിയുണ്ടായ അപകടത്തിൽ പരുക്കേറ്റ് വഴിയോരത്തു കിടന്ന യുവാവിനെ പുലർച്ചയോടെ പൊലീസ് കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുതുശേരി – പുറമറ്റം റോഡിൽ പുതുശേരി കവലയ്ക്കു സമീപം ബൈക്ക് നിയന്ത്രണംവിട്ടുമറി‍ഞ്ഞ് മല്ലപ്പള്ളി പരിയാരം ചാങ്ങിച്ചേത്ത് വീട്ടിൽ ജോസഫ് ജോർജിന്റെ മകൻ സിജോ ജെറിൻ ജോസഫ് (27) ആണ് മരിച്ചത്.

സിജോ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിനു സമീപത്തെ റബർ തോട്ടത്തിലേക്ക് മറിഞ്ഞായിരുന്നു അപകടം. ഞായർ രാത്രി 10നും 12നും ഇടയിലാകാം അപകടമെന് സംശയം. വീട്ടിൽനിന്ന് സിജോയുടെ ഫോണിലേക്ക് പലതവണ വിളിച്ചെങ്കിലും എടുക്കാതിരുന്നതിനെ തുടർന്ന് 12നു ശേഷം കീഴ്‌വായ്പൂര് പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകി. തുടർന്ന് മൊബൈൽ ഫോണിന്റെ ടവർ ലോക്കേഷൻ നോക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ പുലർച്ചെ 3 മണിയോടെ റോഡിനു സമീപത്തെ റബർത്തോട്ടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്ന സിജോയെ കണ്ടെത്തിയത്. റോഡിൽ നിന്ന് 4 അടിയോളം താഴ്ചയിലാണ് തോട്ടം. വഴിയിൽ നിന്ന് നോക്കിയാൽ സിജോ വീണുകിടക്കുന്നത് പെട്ടെന്ന് ശ്രദ്ധയിൽപെടില്ല.

എറണാകുളം കീസ്കോട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ എൻജിനീയറായിരുന്ന സിജോ കൊട്ടാരക്കരയിലെ നിർമാണ ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. അവിവാഹിതനാണ്. സംസ്കാരം പിന്നീട്. അമ്മ: അക്കാമ്മ ജോസഫ്. സഹോദരങ്ങൾ: ജുബിൻ ജോസഫ്, ജൂലി മറിയം ജോസഫ്.

Related Articles

Latest Articles