Thursday, May 2, 2024
spot_img

വിദ്വേഷ പ്രസംഗം;സംഘർഷാവസ്ഥ കണക്കിലെടുത്ത് പി.സി ജോർജിനെ എറണാകുളം സിറ്റി എആർ ക്യാമ്പിലേക്ക് മാറ്റി;മൊഴിയെടുത്തതിന് ശേഷം തിരുവനന്തപുരം പോലീസിന് കൈമാറിയേക്കും

 

എറണാകുളം: വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസിൽ ഹാജരായ മുൻ എം എൽ എ പി.സി ജോർജിനെ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്നും കൊച്ചി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാറ്റി. വെണ്ണല വിദ്വേഷപ്രസംഗത്തിൽ മൊഴിയെടുക്കുന്നു. പാലാരിവട്ടം പോലീസ് സ്റ്റേഷന് മുൻപിൽ പി.സി ജോർജിനെ പിന്തുണച്ച് നൂറുകണക്കിന് പേർ തടിച്ച് കൂടിയതിനെ തുടർന്നാണ് ഈ നടപടി.

ഫോർട്ട് പോലീസ് എത്തുമ്പോൾ പിസിയെ അവർക്ക് കൈമാറും. ഇതിന് ശേഷം അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഡിസിപിയുടെ വാഹനത്തിലാണ് അദ്ദേഹത്തെ പാലാരിവട്ടം സ്റ്റേഷനിൽ നിന്നും മാറ്റിയത്. അതേസമയം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ കൊച്ചിയിലേക്ക് വരുന്നുണ്ട്. അറസ്റ്റുണ്ടാകുമെന്നും നാളെ വൈകുന്നേരം വരെ കോടതിയിൽ ഹാജാരാകാൻ സമയമുണ്ടെന്നും സാഹചര്യമനുസരിച്ച് തിരുവനന്തപുരത്തേക്ക് എത്തിക്കുമെന്നും അന്വേഷണസംഘം കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ വ്യക്തമാക്കി

എന്നാൽ വെണ്ണല പ്രസംഗവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷമാകും തിരുവനന്തപുരം പോലീസിന് മുൻപിൽ ഹാജരാക്കാനായി കൊണ്ടുപോകുക. ഉച്ചയ്‌ക്ക് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഹാജരായ പി.സി ജോർജ് ഏകദേശം ഒരു മണിക്കൂറോളം അവിടെയുണ്ടായിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പിസി ജോർജിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് മുൻ എംഎൽഎ പിസി ജോർജ് പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ ഹാജരായത്. നിയമത്തിന് വഴങ്ങുന്നുവെന്ന് അറിയിച്ചുകൊണ്ടാണ് പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ പിസി ജോർജ് ഹാജരായത്. മകൻ ഷോൺ ജോർജിനൊപ്പമാണ് അദ്ദേഹം പാലാരിവട്ടം സ്റ്റേഷനിൽ എത്തിയത്.

ഏപ്രിൽ 29 ന് അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസുണ്ടായിരുന്നു. ഇതില്‍ പി.സി ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും എറണാകുളം വെണ്ണലയില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തുകയും ജാമ്യ വ്യവസ്ഥ ലംഘിക്കുകയുമായിരുന്നു.

പി.സി.ജോർജ് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ തെളിവായി പോലീസ് സമർപ്പിച്ച സിഡി കോടതിയിൽ സമർപ്പിച്ചിരുന്നു. പി.സി.ജോർജ് എറണാകുളം വെണ്ണല ക്ഷേത്രത്തിൽ നടത്തിയ പ്രസംഗമാണ് സിഡിയിൽ ഉണ്ടായിരുന്നത്. 37 മിനിട്ടുള്ള പ്രസംഗമാണ് കോടതി കേട്ടത്. ഇതോടെയാണ് പി.സി.ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു എന്ന് പ്രോസിക്യൂഷൻ‌ കോടതിയെ അറിയിച്ചത്.

തുടര്‍ന്ന് പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഇപ്പോള്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയത്. കൂടാതെ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ ഫോര്‍ട്ട് എസ്.പിക്ക് നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെ പിസി ജോർജ് അറസ്റ്റിന് തയ്യാറാണെന്ന് മകൻ ഷോൺ ജോർജും അറിയിച്ചിരുന്നു. പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ ഹാജരാകുമെന്നും നിയമത്തെയും കോടതിയെയും അനുസരിക്കുമെന്നുമാണ് ഷോൺ പറഞ്ഞത്. പോലീസ് സ്‌റ്റേഷനിൽ പിഡിപി പ്രവർത്തകർ പ്രതിഷേധവുമായെത്തിയിരുന്നു.എന്നാൽ അദ്ദേഹത്തിന് പിന്തുണയുമായി ബിജെപി സംസ്ഥാന നേതാക്കളും പ്രവർത്തകരും എത്തി.

Related Articles

Latest Articles