Sunday, September 20, 2026

“ഓരോ മന്ത്രിമാർക്കും 20 ൽ കൂടുതൽ സ്റ്റാഫുകൾ, കേരളത്തിൽ നടക്കുന്നത് പാർട്ടി റിക്രൂട്ട്‌മെന്റ്”; സർക്കാരിനെതിരെ ഗുരുതരവിമർശനവുമായി ഗവർണർ

തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് പാർട്ടി റിക്രൂട്ട്‌മെന്റെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ(Governor Against Kerala Government). മന്ത്രിമാരുടെ സ്റ്റാഫായി വരുന്നതെല്ലാം പാർട്ടി പ്രവർത്തകർ ആണെന്ന് അദ്ദേഹം പറഞ്ഞു. അവർക്ക് പെൻഷൻ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത്തരം തെറ്റുകൾ തിരുത്തേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് ഗവർണർ കൂട്ടിച്ചേർത്തു.ഈ പ്രവർത്തികൾ ഉപേക്ഷിക്കാനാണ് ആവശ്യപ്പെട്ടത്. അതിൽ തെറ്റില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതോടൊപ്പം സംസ്ഥാന സർക്കാരിനെതിരായ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും ഗവർണർ വ്യക്തമാക്കി.

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ടായിരുന്നു ഗവർണറുടെ വിമർശനം. മന്ത്രിമാരുടെ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുന്നത് അധിക ബാധ്യതയാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. താൻ കേന്ദ്രമന്ത്രിയായിരിക്കുന്ന സമയത്ത് 11 പേരാണ് സ്റ്റാഫിലുണ്ടായിരുന്നത്. എന്നാൽ കേരളത്തിൽ 20 ൽ കൂടുതൽ ആളുകൾ ഒരേ സമയം സ്റ്റാഫ് ആകുന്നു. ഇങ്ങനെ രണ്ട് തവണ മാറി വരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.

ജനങ്ങളുടെ പണമാണ് അത് കൃത്യമായി ചിലവഴിക്കേണ്ടതുണ്ട്.പണം ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിയമനവുമായി ബന്ധപ്പെട്ട തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ഗവർണർ ആവർത്തിച്ചു. ആരും രാജ്ഭവന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ശ്രമിക്കേണ്ടന്ന് അദ്ദേഹം ആവർത്തിച്ചു.കാര്യങ്ങൾ മനസിലാക്കാതെ ഏ.കെ ബാലൻ പ്രതികരിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. ബാലിശമായി പെരുമാറരുതെന്ന് അദ്ദേഹം മന്ത്രിയെ ഓർമ്മിപ്പിച്ചു. രാജ്ഭവനിൽ ഒരു പുതിയ സ്ഥാനവും ഉണ്ടാക്കിയിട്ടില്ലെന്നും എന്നാൽ സംസ്ഥാന സർക്കാർ പുതിയ സ്ഥാനമുണ്ടാക്കി നിയമനം നടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Latest Articles