Thursday, May 9, 2024
spot_img

പർവേസ് മുഷറഫ് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക്; പാർട്ടി സ്ഥാപകദിനത്തിൽ ഇസ്ലാമാബാദിൽ നടക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്യുമെന്ന് അടുത്ത വൃത്തങ്ങൾ

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ മുൻ പ്രസിഡന്‍റ് പർവേസ് മുഷറഫ് വീണ്ടും രാഷ്ട്രീയത്തിലേക്ക്. കഴിഞ്ഞ ഒരു വർഷത്തോളമായി ആരോഗ്യപരമായ കാരണങ്ങളാൽ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം. ഓൾ പാക്കിസ്ഥാൻ മുസ്ലിംലീഗിന്‍റെ സ്ഥാപക നേതാവ് കൂടിയായ മുഷറഫ് ഒക്ടോബർ ആറിന് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്. 2016 മാർച്ചുമുതൽ അപൂർവരോഗം ബാധിച്ചതിനെ തുടർന്ന് മുഷറഫ് ദുബായിലാണ് താമസിക്കുന്നത്. ചികിത്സയ്ക്ക് വേണ്ടിയായിരുന്നു ഇത്. ലണ്ടനിൽ 12 ദിവസത്തെ പ്രത്യേക ചികിത്സയ്ക്കുശേഷം ദുബായിൽ തിരിച്ചെത്തിയ മുഷറഫ് പാർട്ടിനേതാക്കളുമായി ചർച്ചനടത്തിയതായി എ.പി.എം.എൽ. ജനറൽ സെക്രട്ടറി മെഹറീൻ മാലിക് പറഞ്ഞു.

ശരീരത്തിലെ പ്രോട്ടീനുകൾ വിവിധ അവയവങ്ങളിൽ അടിഞ്ഞു കൂടുന്ന രോഗാവസ്ഥയാണ് അമിലോയിഡോസിസ്. ഇത് മൂലം പർവേസിന് നിൽക്കാനും നടക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പർവേസ് മുഷറഫിന് അപൂർവ രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് സജീവ രാഷ്ട്രീയത്തിൽ മാറി നിന്നത്. രോഗത്തിന്റെ പാർശ്വഫലങ്ങൾ രൂക്ഷമായതിനെ തുടർന്ന് ദുബായിലേക്ക് മാറ്റിയിരുന്നു. 2007-ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരേ പാക്കിസ്ഥാൻ മുസ്ലിംലീഗ് നവാസ് നൽകിയ പരാതിയിൽ മുഷറഫിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രത്യേക കോടതി 2014 മുതൽ പലതവണ സമൻസ് അയച്ചിട്ടും അദ്ദേഹം പാക് കോടതിയിൽ ഹാജരായിരുന്നില്ല. കുറ്റംതെളിഞ്ഞാൽ ജീവപര്യന്തമോ വധശിക്ഷയോ വരെ ലഭിക്കാവുന്ന കേസാണിത്. 1999 മുതൽ 2008വരെ പാക്കിസ്ഥാൻ ഭരിച്ച മുഷറഫിനെ ബേനസീർ ഭൂട്ടോ വധത്തിലും റെഡ്‌മോസ്‌ക് പുരോഹിതന്‍റെ വധത്തിലും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

Related Articles

Latest Articles