പാറ്റ്‌ന : ഫുൽവാരി ഷെരീഫ് തീവ്രവാദ കേസിൽ പിടികിട്ടാപുള്ളിയായിരുന്ന നിരോധിത സംഘടന പോപ്പുലർ ഫ്രണ്ട് നേതാവ് റിയാസ് മാരൂഫിനെ ബിഹാർ പോലീസ് പിടികൂടി. പോപ്പുലർ ഫ്രണ്ടിന്റെ ബിഹാർ സംസ്ഥാന സെക്രട്ടറിയായിരുന്നു ഇയാൾ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് ചമ്പാരനിലെ സുഭാഷ് ചൗക്കിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ) നിലവിൽ ഫുൽവാരി ഷെരീഫ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ 12നു ഫുൽവാരി ഷെരീഫ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. റിയാസിനായി എൻഐഎയും ബിഹാർ ഭീകര വിരുദ്ധ സ്ക്വാഡും (എടിഎസ്) ചമ്പാരൻ മേഖലയിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. മാരൂഫിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരുന്നതായി ഈസ്റ്റ് ചമ്പാരൻ എസ്പി കാന്തേഷ് കുമാർ മിശ്ര അറിയിച്ചു.

