Monday, May 27, 2024
spot_img

പണയം വച്ച സ്വർണ്ണം ഉടമസ്ഥരറിയാതെ തിരിമറി നടത്തി; ചെറുവണ്ണൂർ സഹകരണ ബാങ്കില്‍ വന്‍ ക്രമക്കേടെന്ന് പരാതി; അന്വേഷണം ആവശ്യപ്പെട്ട് ഇ ഡിയെ സമീപിക്കാൻ നീക്കം

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂര്‍ സഹകരണ ബാങ്കില്‍ വൻ ക്രമക്കേട് നടന്നതായി പരാതി. പണയം വച്ച സ്വർണ്ണം ഉടമസ്ഥരറിയാതെ തിരിമറി നടത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇ ഡിക്ക് പരാതി നൽകാനൊരുങ്ങി അഴിമതി വിരുദ്ധ സമിതി.

സിപിഎം ഭരണത്തിലുള്ള ചെറുവണ്ണൂര്‍ സഹകരണ ബാങ്കിന്‍റെ മുയിപ്പോത്ത് ശാഖയില്‍ സ്വര്‍ണ്ണപ്പണയ ഇടപാടില്‍ ക്രമക്കേട് നടന്നെന്ന് കാട്ടിയാണ് അഴിമതി വിരുദ്ധ സമിതി സെക്രട്ടറി എം കെ മുരളീധരന്‍ സഹകരണ സംഘം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്. പണയം വെച്ച സ്വര്‍ണ്ണം ഇടപാടുകാരറിയാതെ മറ്റ് പലരുടേയും മേല്‍വിലാസത്തില്‍ പണയം വച്ച് പണം തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു. രണ്ട് പേര്‍ക്കെതിരെ ബാങ്ക് നടപടി സ്വീകരിച്ചെങ്കിലും ക്രമക്കേട് നടന്ന കാര്യം പൊലീസിനെയോ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരേയോ അറിയിച്ചില്ല. ബാങ്കിന്‍റെ മുയിപ്പോത്ത് ബ്രാഞ്ചിന് പുറമേ ചെറുവണ്ണൂര്‍ മെയിന്‍ ബ്രാഞ്ച്, പന്നിമുക്ക് ബ്രാഞ്ച്, ആവള ബ്രാഞ്ച് എന്നിവിടങ്ങളിലും ക്രമക്കേടുകള്‍ നടന്നതായാണ് പരാതി.

എന്നാല്‍, പരാതി അടിസ്ഥാന രഹിതമാണെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ജൂലൈയില്‍ നടത്തിയ പരിശോധനയില്‍ മുയിപ്പോത്ത് ബ്രാഞ്ചില്‍ പണയം വെച്ച സ്വര്‍ണ്ണ മോതിരം നഷ്ടപ്പെട്ടതായി കണ്ടിരുന്നു. സംഭവത്തില്‍ ബ്രാഞ്ച് മാനേജരേയും ഓഫീസ് അസിസ്റ്റന്‍റിനേയും സസ്പെന്‍റ് ചെയ്തു. എന്നാല്‍ ബാങ്ക് ഉപസമിതി നടത്തിയ അന്വേഷണത്തില്‍ മാനേജര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് കണ്ട് തിരിച്ചെടുത്തതായും ഭരണ സമിതി അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി നടപടി സ്വീകരിച്ച ശേഷം മാത്രമേ സഹകരണ വകുപ്പിനെ അറിയിക്കേണ്ടതുള്ളൂവെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. ബാങ്കില്‍ ഇടപാടുകാരായ ആളുകള്‍ക്ക് പരാതിയില്ലെന്നും ഇപ്പോളുയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles