Friday, May 17, 2024
spot_img

ഇതാണ് ജനസേവകൻ; പന്ത്രണ്ടാം ക്ലാസുകാരിയുടെ കത്തിൽ, അടിയന്തര നടപടി എടുത്ത് പ്രധാനമന്ത്രി; തിരുവനന്തപുരം നഗരത്തില്‍ നാപ്കിന്‍ വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിച്ചു

ദില്ലി: പന്ത്രണ്ടാം ക്ലാസ്സുകാരിയായ പെൺകുട്ടിയുടെ ഇടപെടൽ മൂലം, കാലങ്ങളായി സ്ത്രീകൾ നേരിടുന്ന പ്രശ്നത്തിന് പരിഹാരം. സാനിറ്ററി പാഡുകളുടെ സംസ്‌കരണം എന്നത് സ്ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ്. എന്നാല്‍ തിരുവനന്തപുരം നഗരത്തിലെ സ്ത്രീകള്‍ക്ക് ഇനി ഈ ബുദ്ധിമുട്ട് നേരിടേണ്ടിവരില്ല. ഇതിനൊരു ശാശ്വത പരിഹാരം കണ്ടിരിക്കുകയാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ആറ്റുകാൽ സ്വദേശിയായ കൊച്ചുമിടുക്കി ഐശ്വര്യ. തിരുവനന്തപുരം ആറ്റുകാലില്‍ താമസിക്കുന്ന സുരേഷ് കുമാര്‍-കവിത ദമ്പതികളുടെ മൂത്തമകളാണ് ഐശ്വര്യ. ഈ കൊച്ചുമിടുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്താണ് കാലങ്ങളായുള്ള സ്ത്രീകളുടെ പ്രശ്‌നം പരിഹരിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി ഇപ്പോള്‍ തലസ്ഥാന നഗരത്തിലെ എല്ലാ സ്‌കൂള്‍, കോളേജ്, ആശുപത്രി, സര്‍ക്കാര്‍ ഓഫീസ്, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നാപ്കിന്‍ വെന്റിംഗ് മെഷീനുകളും, ഇന്‍സിനേറ്ററുകളും സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുകയാണ്.

ആറ്റുകാലിലെ ചിന്മയ സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഐശ്വര്യയ്ക്ക് ലഭിച്ച ഒരു പ്രോജക്ടാണ് വലിയൊരു പ്രശ്‌നത്തിന് പരിഹാരമായത്. ”പ്രകൃതിക്ക് ദോഷകരമായ മലിനീകരണത്തിന് കാരണവും പരിഹാരവും” എന്നതായിരുന്നു ഐശ്വര്യയ്ക്ക് അദ്ധ്യാപിക പ്രോജക്ടിനായി നല്‍കിയ വിഷയം. ഉപയോഗിച്ച സാനിട്ടറി നാപ്കിനുകളുടെ നശീകരണം എങ്ങിനെ ശാസ്ത്രീയമായി സാധ്യമാക്കാം എന്നതായിരുന്നു ഐശ്വര്യയുടെ പ്രോജക്‌ട് . ഇത് ചിന്മയ സ്‌കൂളില്‍ നാപ്കിന്‍ വെന്റിംഗ് മെഷീനും, ഡിസ്ട്രോയറും സ്ഥാപിക്കുന്നതിലേക്കാണ് സ്‌കൂള്‍ അധികൃതരെ നയിച്ചത്. എന്നാല്‍ ഈ വിഷയം രാജ്യത്തെ മുഴുവന്‍ സ്ത്രീകളും നേരിടുന്ന പ്രശ്‌നമാണെന്ന് മനസ്സിലാക്കിയ ഐശ്വര്യ ഇതിനൊരു ശാശ്വത പരിഹാരം കാണാന്‍ തീരുമാനിച്ചു. തുടര്‍ന്ന് “ലെറ്റര്‍ ടു പ്രൈം മിനിസ്റ്റര്‍” എന്ന സൈറ്റില്‍ കയറി പ്രധാനമന്ത്രിയ്ക്ക് നേരിട്ട് മെയില്‍ അയയ്ക്കുകയായിരുന്നു.

കത്തയച്ച് രണ്ടു ദിവസത്തിന് ശേഷം ഐശ്വര്യയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടി ലഭിച്ചു. വിവരങ്ങള്‍ നഗരസഭയെ അറിയിച്ചിട്ടുണ്ടെന്നും ഉടന്‍ പരിഹരിക്കുമെന്നുമായിരുന്നു കത്തിന്റെ ഉളളടക്കം. അതേസമയം കത്തിന് പ്രധാനമന്ത്രിയില്‍ നിന്നും പ്രതികരണം ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് ഐശ്വര്യ പറയുന്നു. ഇതിനുപിന്നാലെ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഐശ്വര്യയ്ക്ക് തിരുവനന്തപുരം നഗരസഭ ഹെല്‍ത്ത് ഓഫീസറുടെ കത്ത് ലഭിച്ചു. നഗരസഭ അതിര്‍ത്തിയിലുളള ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, കോളേജുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നൂറ്റി ഇരുപത് നാപ്കിന്‍ വെന്റിംഗ് മെഷീനുകളും ഇന്‍സിനേറ്ററുകളും സ്ഥാപിച്ചു കഴിഞ്ഞെന്നും, മണക്കാട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസിന് സമീപം നാപ്കിന്‍ ഡിസ്ട്രോയര്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നുമായിരുന്നു കത്തില് വ്യക്തമാക്കിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles