ദില്ലി: രാജ്യത്ത് ഔദ്യോഗിക സന്ദർശനത്തിനെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിതയ്‌ക്ക് കൃഷ്ണ പങ്കി സമ്മാനമായി നൽകി ഭാരതപ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞദിവസമാണ് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യയിലെത്തിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തി.
രാജസ്ഥാനിൽ ചന്ദനത്തടിയിൽ നിർമ്മിച്ച അമൂല്യ കരകൗശല വസ്തുവാണ് കൃഷ്ണ പങ്കി. സ്‌നേഹവും അനുകമ്പയും ആർദ്രതയും പ്രതിനിധീകരിക്കുന്നതാണ് കൃഷ്ണ പങ്കിയെന്നാണ് വിശ്വാസിക്കപ്പെടുന്നത്. നേർത്ത ഇഴകളുള്ളതാണ് കൈകൊണ്ട് കൊത്തുപണിയിൽ തീർത്ത കൃഷ്ണ പങ്കി. ജാലകങ്ങളുടെ മാതൃകയിൽ തീർത്ത ഈ ചെറിയ ഇഴകൾ ഭഗവാൻ കൃഷ്ണന്റെ വ്യത്യസ്ത ഭാവങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നാണ് വിശ്വാസം. ഇവ തുറക്കുവാനും അടയ്‌ക്കുവാനും സാധിക്കും. പരമ്പരാഗത ഉപകരണങ്ങൾ കൊണ്ട് കൊത്തിയെടുത്താണ് കൃഷ്ണ പങ്കി നിർമ്മിക്കുന്നത്. കൂടാതെ കൃഷ്ണ പങ്കിയുടെ മുകൾഭാഗത്തായി ഇന്ത്യയുടെ ദേശീയ പക്ഷി മയിലിന്റെ കൊത്തിയെടുത്ത രൂപവുമുണ്ട്. കൂടാതെ കാറ്റിന്റെ ദിശയ്‌ക്ക് അനുസരിച്ച് നീങ്ങുന്ന പരമ്പരാഗത രീതിയിൽ നിർമ്മിച്ച ചെറിയ മണിയും കാണാം. രാജസ്ഥാനിലെ ചുരുവിൽ നിന്നുള്ള കരകൗശല നിർമ്മാതാക്കളാണ് കൃഷ്ണ പങ്കി നിർമ്മിക്കുന്നത്. ഇന്ത്യയുടെ തെക്ക് ഭാഗങ്ങളിൽ നിന്നുള്ള ശുദ്ധമായ ചന്ദന മരങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
അതേസമയം അടുത്ത 5 വർഷം കൊണ്ട്, ജപ്പാൻ ഇന്ത്യയിൽ 3.20 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ദില്ലിയിൽ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയിലെത്തുന്ന ജാപ്പനീസ് കമ്പനികൾക്ക് എല്ലാ സഹായവും ഉറപ്പാക്കും. ആഗോളതലത്തിൽ ഒരുമിച്ചുള്ള പ്രവർത്തനം ശക്തമാക്കും. ബുള്ളറ്റ് ട്രെയിനുകളുടെ കാര്യത്തിൽ, ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകർ ജപ്പാനാണെന്ന് കിഷിദയും പറഞ്ഞു.

