Monday, April 29, 2024
spot_img

പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; ഒരുരാജ്യത്ത് രണ്ടു നിയമം എങ്ങനെ നടപ്പാക്കും; ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന് സുപ്രീംകോടതി പോലും നിർദ്ദേശിച്ചിട്ടുണ്ട്; നിയമനിർമ്മാണം ചർച്ചയാക്കി പ്രധാനമന്ത്രി

ഭോപ്പാൽ: ഏകീകൃത സിവിൽ കോഡ് കാലത്തിന്റെ ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു രാജ്യത്തിൽ രണ്ടു നിയമങ്ങൾ നടപ്പിലാക്കുന്നത് അവസാനിപ്പിക്കാൻ സമയമായി. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് കോൺഗ്രസ് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നു. രാജ്യത്തിൻറെ സുപ്രീംകോടതി പോലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭോപ്പാലിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു. അദ്ദേഹം .ഒരു കുടുംബത്തിലെ വ്യത്യസ്ത അംഗങ്ങൾക്ക് വ്യത്യസ്തമായ നിയമം ഉണ്ടാകുന്നത് ശരിയല്ലെന്നും ഒരു രാജ്യത്തിന് രണ്ടു നിയമങ്ങളിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 90 ശതമാനം സുന്നി മുസ്ലിങ്ങളുള്ള ഈജിപ്തിൽ 90 വർഷം മുൻപു മുത്തലാഖ് നിർത്തലാക്കിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുത്തലാഖിന് വേണ്ടി വാദിക്കുന്നവർ വോട്ടു ബാങ്കിനായാണ് പ്രവർത്തിക്കുന്നതെന്നും മുസ്‌ലിം പെൺകുട്ടികളോട് ഇവർ കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുത്തലാക്ക് നിരോധനം ചൂണ്ടിക്കാട്ടിയാണ് ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നവർക്കെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചത്. അവർ സ്വന്തം താൽപര്യങ്ങൾക്കായാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അദ്ദേഹം പറഞ്ഞു. ‘‘ഏതു രാഷ്ട്രീയ പാർട്ടികളാണ് സ്വന്തം നേട്ടത്തിനായി തങ്ങളെ പ്രകോപിപ്പിച്ച് നശിപ്പിക്കുന്നതെന്ന് രാജ്യത്തെ മുസ്ലിം ജനത മനസ്സിലാക്കണം. നമ്മുടെ ഭരണഘടന എല്ലാ പൗരന്മാർക്കും തുല്യ അവകാശമാണ് നൽകുന്നത്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സുപ്രീംകോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്.’’ – മോദി പറഞ്ഞു. ബിജെപിയെ കുറ്റപ്പെടുത്തുന്നവർ മുസ്‌ലിംകളുടെ അഭ്യുദയകാംക്ഷികളായിരുന്നെങ്കിൽ സമുദായത്തിലെ മിക്ക കുടുംബങ്ങളും വിദ്യാഭ്യാസത്തിലും തൊഴിലിലും പിന്നാക്കം പോകില്ലായിരുന്നെന്നും ദുഷ്‌കരമായ ജീവിതം നയിക്കാൻ നിർബന്ധിതരാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കം കേന്ദ്രസർക്കാർ സജീവമാക്കിയിരിക്കെ, ഈ മാസമാദ്യം വിഷയത്തിൽ ദേശീയ ലോ കമ്മിഷൻ പൊതുജനാഭിപ്രായം തേടിയിരുന്നു. വിവിധ മതസംഘടനകളിൽനിന്ന് ഉൾപ്പെടെ അഭിപ്രായം ക്ഷണിച്ചാണു കമ്മിഷന്റെ നോട്ടീസ്. ഉത്തരാഖണ്ഡ് പോലുള്ള ചില സംസ്ഥാനങ്ങൾ ഇതിനോടകം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ നിയമ നിർമ്മാണം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നെയുണ്ടാകുമെന്ന അഭ്യുഹങ്ങൾക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയം ചർച്ചാവിഷയമാക്കിയത്.

Related Articles

Latest Articles