Friday, April 26, 2024
spot_img

പ്രളയഭീതിയിൽ സംസ്ഥാനം: പത്തനംതിട്ടയിൽ ഉരുൾപൊട്ടി; തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, എറണാകുളത്തും മഴ ശക്തം

പത്തനംതിട്ട: പ്രളയഭീതിയിൽ സംസ്ഥാനം. സംസ്ഥാനത്ത് (Heavy Rain In Kerala) ഇന്നലെ രാത്രി മുതൽ തുടങ്ങിയ കനത്ത മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നി ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം പത്തനംതിട്ട ജില്ലയിൽ രാവിലെ ഉണ്ടായത്​ റെക്കോർഡ്​ മഴ. രാവിലെ ഏഴുമുതൽ 10 മണിവരെയുള്ള മൂന്നു മണിക്കൂറിനിടെ പെയ്​തത്​ 70 മില്ലീമീറ്റർ മഴ. പ്രളയ കാലത്തിന്​ ശേഷം ആദ്യമായാണ്​ ജില്ലയിൽ ഇത്രയും കനത്ത മഴ രേഖപ്പെടുത്തുന്നത്​. എന്നിരുന്നാലും ജില്ലയിലെ ഏറ്റവും വലിയ അണക്കെട്ടായ കക്കി -ആനത്തോട്​ അണ​ക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. അതിനാൽ പ്രളയ ഭീഷണിയില്ല. മലയാലപ്പുഴയിൽ ഉരുൾപൊട്ടി നിരവധി വീടുകളിൽ വെള്ളം കയറി. പന്തളത്ത്​ കാർ തോട്ടിലേക്ക്​ മറിഞ്ഞ​ അപകടമുണ്ടായെങ്കിലും ആർക്കും പരിക്കില്ല. ജില്ലയിൽ എല്ലായിടത്തും കനത്ത മഴ തുടരുകയാണ്​. റാന്നി താലൂക്കാശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ വെള്ളം കയറിയതിനെ തുടർന്ന്​ രോഗികളെ ഒഴിപ്പിച്ചു.

തലസ്ഥാന ജില്ലയിലും ഇടിയോടുകൂടിയ മഴ ശക്തമാണ്. ഇന്ന് പുലർച്ചെ മുതൽ ജില്ലയിൽ കനത്ത മഴയാണ് പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കൊല്ലത്തും മഴ തുടരുകയാണ്. രാത്രി മുഴുവൻ ശക്തമായി മഴ പെയ്തു. ജില്ലയുടെ കിഴക്കൻ മേഖലയിലും മഴയുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ എന്നീ ആറ് ജില്ലകളിൽ യെല്ലോ അർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മലപ്പുറത്തും കോഴിക്കോടും മഴ ഇതുവരെ പെയ്തില്ലെന്നാണ് വിവരം. അറബിക്കടലിലെ ന്യൂനമർദ്ദം കേരള തീരത്തോട് അടുത്തതോടെയാണ് മഴശക്തമായത്. കേരള ലക്ഷദ്വീപ് തീരങ്ങിളിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

Related Articles

Latest Articles