Thursday, May 2, 2024
spot_img

പോലീസിന്റെ അനാസ്ഥ ? തമിഴ്നാട്ടിൽ ക്ഷേത്രങ്ങൾക്ക് നേരെ വീണ്ടും ആക്രമണം; രണ്ട് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ തകർത്തു ഇതുവരെ അറസ്റ്റ് ചെയ്തത് ഒരാളെ മാത്രം

ചെന്നൈ: തമിഴ്നാട്ടിൽ ക്ഷേത്രങ്ങൾക്ക് നേരെ വീണ്ടും ആക്രമണം. കാഞ്ചീപുരം ജില്ലയിലെ സിംഗുവാർച്ചത്തിരത്തിന് സമീപം കണ്ടിവാക്കത്തുള്ള രണ്ട് ക്ഷേത്രങ്ങൾക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. തുലാസപുരം കർപ്പക വിനായക ക്ഷേത്രത്തിലെ മുരുകൻ, ദക്ഷിണാമൂർത്തി, പാർവതി, ദുർഗ്ഗ, നാഗത്തമ്മൻ, നവഗ്രഹ വിഗ്രഹങ്ങൾ, ത്രിശൂലങ്ങൾ എന്നിവ അക്രമി സംഘം നശിപ്പിച്ച് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ എറിയുകയായിരുന്നു.

കൂടാതെ അടുത്തുള്ള ലക്ഷ്മി അമ്മൻ ക്ഷേത്രത്തിലെ വിഗ്രഹങ്ങളും തകർത്തു. പ്രദേശത്ത് കനത്ത മഴയായിരുന്നു. ഇത് മൂലം വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നത് അക്രമിസംഘത്തിന് തുണയായി. രണ്ട് ക്ഷേത്രങ്ങളിലുമായി 22 വിഗ്രഹങ്ങളാണ് തകർത്തത്. സംഭവമറിഞ്ഞ് അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികൾ റോഡ് ഉപരോധിച്ചു.

അതേസമയം, തമിഴ്നാട്ടിൽ ക്ഷേത്രങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ പതിവാകുന്നതിൽ ഹിന്ദുസംഘടനകൾ ഉത്കണ്ഠ പ്രകടിപ്പിച്ചു. പ്രസിദ്ധമായ ശിരുവള്ളൂർ മധുര കാളിയമ്മൻ ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളായ പേരാമ്പ്രയിലെ അമ്മൻ ക്ഷേത്രം, റാണി പേട്ടിലെ ദുർഗാദേവി എന്നീ ക്ഷേത്രങ്ങളും അക്രമിക്കപ്പെട്ടിട്ടുണ്ട്. ഇത്രയും സംഭവങ്ങളുണ്ടായിട്ടും ഒരാളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. എന്നിട്ട് ഇയാൾക്ക് മാനസിക രോഗമാണെന്ന് പറഞ്ഞ് പോലീസ് വെറുതെ വിടുകയും ചെയ്തു.

സപ്തംബറിൽ പേരാമ്പ്രയിലെ ഒരു ഗ്രാമത്തിൽ രഥം കത്തിച്ചതിന് ഒരു മുസ്ലിം യുവാവിനെ പിടികൂടിയിരുന്നു. ഇയാൾ കൗതുകത്തിന് വേണ്ടി ചെയ്തതാണെന്നാണ് പിന്നീട് പോലീസ് പറഞ്ഞത്. സർക്കാർ ഭൂമി കയ്യേറിയെന്നാരോപിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ തമിഴ്നാട്ടിൽ 250തിലധികം ക്ഷേത്രങ്ങളാണ് സർക്കാർ തകർത്തത്. ജലാശയങ്ങളും സർക്കാർ ഭൂമിയും കൈയേറിയ അനധികൃത പള്ളികളെയോ മസ്ജിദുകളെയോ സർക്കാർ തൊടുന്നില്ല. ക്ഷേത്രങ്ങൾക്കെതിരെ മാത്രമാണ് സർക്കാർ ഈ ഏകപക്ഷീയനീക്കം നടത്തുന്നതെന്ന് ഹിന്ദു മുന്നണി സെക്രട്ടറി പരമേശ്വരൻ പറഞ്ഞു.

Related Articles

Latest Articles