ആലപ്പുഴ: സ്‌കൂള്‍ വിട്ടു വന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ്. സ്കൂളിൽ പോകാനുള്ള മടി കാരണമാണ് കുട്ടി ഇത്തരത്തിൽ വ്യാജ കഥ പറഞ്ഞത് എന്നാണ് സൂചന.
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക്(online game) അടിമയായ കുട്ടിയെ വീട്ടില്‍ നിരന്തരം വഴക്കുപറഞ്ഞിരുന്നു. സ്‌കൂള്‍ തുറക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ വീട്ടിലേല്‍പ്പിക്കണമെന്ന് പറഞ്ഞതിനെ ചൊല്ലി കുട്ടി വഴക്കുണ്ടാക്കിയിരുന്നു . ഇതിന് പിന്നാലെയാണ് സ്‌കൂള്‍ തുറന്ന ദിവസം തന്നെ പീഡനം നടന്നതായി കുട്ടി വീട്ടില്‍ അറിയിച്ചത്.
കുട്ടി പറഞ്ഞ ആളുകളെ ചോദ്യം ചെയ്തപ്പോൾ സംഭവ സമയത്ത് ഇവർ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. വൈദ്യ പരിശോധനയിലും പീഡനം നടന്നതിന്റെ തെളിവ് ലഭിച്ചില്ല. സ്കൂൾ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങവേ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടി രക്ഷാകർത്താക്കളോട് പറഞ്ഞത്. ഇതറിഞ്ഞതോടെ ഞെട്ടിയ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി നല്‍കിയതില്‍ ബാഹ്യപ്രേരണ ഉണ്ടോയെന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് രാമങ്കരി പൊലീസ് അറിയിച്ചു.

