Saturday, May 25, 2024
spot_img

സാറേ സാറേ സാമ്പാറേ…ഇത്തവണ സാമ്പാർ തിളയ്ക്കുമോ വളിക്കുമോ?

 പ്രധാന മുന്നണികളെക്കാൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് ഹരം പകർന്നത് ‘സാമ്പാർ മുന്നണി’യുടെ സാന്നിധ്യമായിരുന്നു. മുസ്‌ലിംലീഗിന്റെ ആധിപത്യം തകർക്കാൻ സി.പി.എം. മുൻകൈയെടുത്ത് ഉണ്ടാക്കിയ കൂട്ടായ്മ പലയിടത്തും തിളച്ചുമറിഞ്ഞു. ഒരു നഗരസഭയിലും നാല് ഗ്രാമപ്പഞ്ചായത്തുകളിലും ഭരണം പിടിക്കാനുമായി. എന്നാൽ, അധികംവൈകാതെ മിക്കയിടത്തും ‘സാമ്പാർ’ പുളിച്ചു. അഞ്ചുവർഷം പൂർത്തിയാക്കാനായത് രണ്ടു പഞ്ചായത്തുകളിൽമാത്രം.

ചെറുകക്ഷികൾചേർന്ന് ജനകീയ വികസനമുന്നണി, മതേതര വികസന മുന്നണി തുടങ്ങിയ പേരുകളിലാണ് അങ്കത്തിനിറങ്ങിയത്. കോൺഗ്രസ്, ലീഗ് വിമതർ, സി.പി.ഐ., വെൽഫെയർ പാർട്ടി, പി.ഡി.പി., ഐ.എൻ.എൽ., എസ്.ഡി.പി.ഐ. തുടങ്ങി പലയിടത്തും പല കക്ഷികളാണ് മുന്നണിയിലുള്ളത്. പാർട്ടിചിഹ്നങ്ങൾ ഒഴിവാക്കി മിക്കയിടത്തും പൊതുചിഹ്നങ്ങളിലായിരുന്നു മത്സരം. ഈ കൂട്ടായ്മയ്ക്ക് ലീഗ് കൊടുത്ത വിളിപ്പേരാണ് ‘സാമ്പാർ മുന്നണി’. സാമ്പാറിലെപോലെ പല കഷ്ണങ്ങൾ ചേർന്നതെന്നായിരുന്നു പരിഹാസം.

കഴിഞ്ഞതവണ 26 തദ്ദേശസ്ഥാപനങ്ങളിൽ ജനകീയ മുന്നണിയുണ്ടായിരുന്നു. പരപ്പനങ്ങാടി, കൊണ്ടോട്ടി നഗരസഭകളിലും എട്ടുപഞ്ചായത്തുകളിലും പൂർണമായും മറ്റിടങ്ങളിൽ ചില വാർഡുകളിലും ‘സാമ്പാർ’ തിളച്ചു. കൊണ്ടോട്ടി നഗരസഭയിലും വാഴക്കാട്, ചേലേമ്പ്ര, മാറാക്കര, പറപ്പൂർ പഞ്ചായത്തുകളിലുമാണ് ഭരണം പിടിച്ചത്. എല്ലായിടത്തും നഷ്ടം ലീഗിനായിരുന്നു. പരപ്പനങ്ങാടി നഗരസഭയിലും കണ്ണമംഗലം, വേങ്ങര, നന്നമ്പ്ര, തെന്നല പഞ്ചായത്തുകളിലും ശക്തമായ പ്രതിപക്ഷമാകാനും ജനകീയമുന്നണിക്ക് കഴിഞ്ഞു.

ആദ്യം ഭരണം പിടിച്ചെങ്കിലും കൊണ്ടോട്ടി, വാഴക്കാട്, മാറാക്കര എന്നിവിടങ്ങളിൽ ജനകീയമുന്നണിക്ക് അധികം വാഴാനായില്ല. മുന്നണി സംവിധാനം പുനഃസ്ഥാപിച്ചും വിമതരെ തിരിച്ചുകൊണ്ടുവന്നും യു.ഡി.എഫ്. ഭരണം തിരിച്ചുപിടിച്ചു. ചേലേമ്പ്രയിലും പറപ്പൂരിലും മാത്രമാണ് ‘സാമ്പാർ’ അതിജീവിച്ചത്.

ഇക്കുറി സാമ്പാറുമായി ലീഗും

കഴിഞ്ഞതവണ തിളങ്ങിയ പലയിടത്തും ഇക്കുറി ജനകീയമുന്നണികളില്ല. ചേലേമ്പ്രയിൽമാത്രമേ മുന്നണിയായി രംഗത്തിറങ്ങിയിട്ടുള്ളൂ. അതേസമയം, മുമ്പ് ‘സാമ്പാർ മുന്നണി’യെന്ന് പരിഹസിച്ച മുസ്‌ലിംലീഗ് തന്നെ ഇത്തവണ ‘സാമ്പാർ’ തിളപ്പിക്കുന്നുണ്ട്. വെൽഫെയർ പാർട്ടിയടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് നീക്കം. സ്വന്തംനിലയ്ക്ക് വിജയസാധ്യത കുറവാണെങ്കിൽ പ്രാദേശികമായി ജനകീയമുന്നണി ഉണ്ടാക്കാമെന്നാണ് സംസ്ഥാനകമ്മിറ്റിയുടെ നിർദേശം. എന്നാൽ, സി.പി.എം., ബി.ജെ.പി. എസ്.ഡി.പി.ഐ. എന്നിവരോട് ധാരണ വേണ്ടെന്നാണ് തീരുമാനം.

Related Articles

Latest Articles