ചെന്നൈ : തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ. കേവലഭൂരിപക്ഷത്തിന് ആവശ്യമായ എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കുന്ന കത്തുകൾ ഹാജരാക്കാൻ കഴിയാത്തതിനെത്തുടർന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയില്ല. ഇതിന് പിന്നാലെ വിജയ്ക്ക് നൽകിയിരുന്ന പോലീസ് സുരക്ഷാ വാഹനവ്യൂഹം അധികൃതർ പിൻവലിച്ചത് ചെന്നൈയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
വ്യാഴാഴ്ച രാവിലെ നെഹ്റു സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ നടത്താൻ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായിരുന്നുവെങ്കിലും ഗവർണറുടെ ക്ഷണം ലഭിക്കാത്തത് തിരിച്ചടിയായി. 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയ ടി.വി.കെ.യ്ക്ക് കേവലഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവാണുള്ളത്. കോൺഗ്രസ് തങ്ങളുടെ 5 എം.എൽ.എമാരുടെ പിന്തുണ ടിവികെയ്ക്ക് പ്രഖ്യാപിച്ചെങ്കിലും ഇടതുപക്ഷ കക്ഷികളും മുസ്ലിം ലീഗും ഡിഎംകെ സഖ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. ഇതോടെ ഭൂരിപക്ഷം തെളിയിക്കാൻ അണ്ണാ ഡിഎംകെയുടെയോ എൻഡിഎ ഘടകകക്ഷികളുടെയോ പിന്തുണ വിജയ്ക്ക് അനിവാര്യമായി മാറിയിരിക്കുന്നു.
അതേസമയം എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയായും എടപ്പാടി പളനിസ്വാമി ഉപമുഖ്യമന്ത്രിയായും പുതിയ സഖ്യസർക്കാർ രൂപീകരിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നുണ്ടെങ്കിലും ഇരു പാർട്ടികളും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിജയ്യെ അധികാരത്തിൽ നിന്ന് അകറ്റിനിർത്താൻ ദ്രാവിഡ പാർട്ടികൾ ഒന്നിക്കുമോ അതോ അണ്ണാ ഡി.എം.കെ.യിലെ ഒരു വിഭാഗം ടിവികെയെ പിന്തുണയ്ക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും തമിഴ്നാടിന്റെ വരും ദിവസങ്ങളിലെ രാഷ്ട്രീയ ചിത്രം.

