Tuesday, May 7, 2024
spot_img

ധാർമ്മികമായ ദൃഷ്ടിയിൽ ശ്രീരാമൻ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും ആരാധ്യ ദേവതയാണ്; രാമജന്മഭൂമി ഇതിനും വർഷങ്ങൾക്ക് മുന്നേ സർവ്വസമ്മതത്തോടെ മോചിപ്പിക്കാമായിരുന്നു; സ്വാതന്ത്രഭാരതത്തിലെ സർക്കാരുകൾ ഹിന്ദുവിന്റെ ശബ്ദം ചെവിക്കൊണ്ടില്ല; പ്രാണപ്രതിഷ്ഠാ ദിനത്തിൽ സമാധാന സന്ദേശവുമായി സർസംഘ് ചാലക്

ദില്ലി: ശ്രീരാമ ജന്മഭൂമി വർഷങ്ങൾക്ക് മുന്നേ മോചിപ്പിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നതായി രാഷ്ട്രീയ സ്വയംസേവക് സംഘ് മേധാവി മോഹൻജി ഭാഗവത്. സോമനാഥ ക്ഷേത്രത്തിന്റെ ജീർണോദ്ധാരണം നടത്തിയ മാതൃകയിൽ രാമജന്മഭുമിയും സർവ്വ സമ്മതത്തോടെ തന്നെ വർഷങ്ങൾക്ക് മുന്നേതന്നെ മോചിപ്പിക്കാമായിരുന്നു. എന്നാൽ സ്വതന്ത്ര ഭാരതത്തിലെ സർക്കാരുകൾ ഹിന്ദുവിന്റെ ശബ്ദം ചെവിക്കൊണ്ടില്ല. ധാർമ്മികമായ ദൃഷ്ടിയിൽ ശ്രീരാമൻ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും ആരാധ്യ ദേവതയാണ്. സമൂഹമൊന്നാകെ ജീവിതാചരണത്തിന്റെ മാതൃകയായി ശ്രീരാമന്റെ ജീവിതം സ്വീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഇക്കാലഘട്ടങ്ങളിൽ ഉണ്ടായിട്ടുള്ള അഭിപ്രായ വിത്യാസങ്ങളെല്ലാം ഇല്ലാതാകണമെന്നും വിവാദം പൂർണ്ണമായി അവസാനിപ്പിക്കാൻ പ്രബുദ്ധ ജനങ്ങൾ തയ്യാറാകണമെന്നും സർസംഘ് ചാലക് തന്റെ ലേഖനത്തിൽ വ്യക്തമാക്കി.

ഇസ്ലാമിക ആക്രമണം നമ്മുടെ സമാജത്തെ പരിപൂര്‍ണമായി നശിപ്പിക്കാനും വേര്‍പെടുത്താനും ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. ഈ ദേശത്തെയും ഇവിടത്തെ സമൂഹത്തെയും ദുര്‍ബലപ്പെടുത്തുന്നതിന് നമ്മുടെ ധാര്‍മ്മികസ്ഥാനങ്ങളെ നശിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അവര്‍ കണക്കാക്കി. അതുകൊണ്ട് അവര്‍ ഭാരതത്തിലെ ക്ഷേത്രങ്ങള്‍ തച്ചുതകര്‍ത്തു. ഒരു തവണയല്ല അനേകം തവണ ഇത്തരത്തില്‍ ആക്രമണമുണ്ടായി. ഭാരതീയ സമൂഹത്തെ എക്കാലത്തേക്കും ദുര്‍ബലപ്പെടുത്തി, ഇവിടെ അവരുടെ ഭരണം സ്ഥാപിക്കാന്‍ കഴിയും എന്നതായിരുന്നു അവരുടെ ഉന്നം. അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രം തകര്‍ത്തതും ഇതേ മനോഭാവത്തോടെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാമജന്മഭുമിയുടെ മോചനത്തിനായി ഭാരതം നടത്തിയ വർഷങ്ങളുടെ പോരാട്ടം അദ്ദേഹം എടുത്തുപറഞ്ഞു. ബ്രിട്ടീഷുകാര്‍ക്കെതിരെ 1857ല്‍ നടന്ന സംഘടിതമായ സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ചുനിന്ന് പോരാടാന്‍ തയാറായി. സമൂഹം ഒന്നായി നിന്ന് യുദ്ധം ചെയ്തു. നാം ധീരതയോടെ പൊരുതിയെങ്കിലും ദൗര്‍ഭാഗ്യം മൂലം അത് വിഫലമായി. ബ്രിട്ടീഷ് ഭരണം തുടര്‍ന്നു. എങ്കിലും രാമക്ഷേത്രത്തിനു വേണ്ടിയുള്ള സമരം അവിടെ അവസാനിച്ചില്ല. 1947ല്‍ സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം സര്‍വസമ്മതത്തോടെ സോമനാഥ ക്ഷേത്രത്തിന്റെ ജീര്‍ണോദ്ധാരണം നടത്തി. സമാനമായ ക്ഷേത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമായി. രാമജന്മഭൂമിയുടെ മോചനവും സര്‍വസമ്മതിയോടെ സാധ്യമാക്കാമായിരുന്നു. പക്ഷെ രാഷ്‌ട്രീയത്തിന്റെ ദിശ മാറിപ്പോയിരുന്നു. ഭേദചിന്ത, പ്രീണനം തുടങ്ങിയ സ്വാര്‍ത്ഥ രാഷ്‌ട്രീയം ശക്തമായി. വിഷയം അങ്ങിനെ തന്നെ നിലനിന്നു.

ദേശീയ ജീവിതത്തെ മുന്‍നിര്‍ത്തി സമൂഹത്തില്‍ അച്ചടക്കമുള്ളവരാകണം. ശ്രീരാമ-ലക്ഷ്മണന്മാര്‍ അച്ചടക്കപൂര്‍ണമായ ജീവിതത്തിന്റെ ബലത്തിലാണ് 14 വര്‍ഷത്തെ വനവാസം പൂര്‍ത്തിയാക്കിയതും ശക്തിശാലിയായ രാവണനോടുള്ള യുദ്ധം വിജയിച്ചതും. ഇന്ന് എല്ലാവരും ഭക്തിനിര്‍ഭരമായ പ്രാണപ്രതിഷ്ഠാമഹോത്സവത്തില്‍ പങ്കു ചേരുമ്പോള്‍ ഓര്‍ക്കേണ്ടത് നമ്മള്‍ ക്ഷേത്ര പുനര്‍നിര്‍മ്മാണത്തോടൊപ്പം ഭാരതത്തിന്റെയും ഈ മുഴുവന്‍ ലോകത്തിന്റെയും പുനര്‍നിര്‍മ്മാണം പൂര്‍ണതയില്‍ എത്തിക്കുവാനുള്ള പ്രതിജ്ഞ എടുത്തിട്ടുള്ളവരാണെന്നും. ഈ സങ്കല്പം മനസില്‍ പ്രതിഷ്ഠിച്ച് മുന്നേറണമെന്നും അദ്ദേഹം ആഹ്വനം ചെയ്തു.

Related Articles

Latest Articles