തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതി ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അന്വേഷിക്കും. കാസർഗോഡ് ജില്ലയിലെ ബേക്കൽ പോലീസ് സ്റ്റേഷനിലെ 33 പോലീസ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്നാണ് പരാതി. ഇവരുടെ പരാതി വിശദമായി അന്വേഷിക്കുമെന്നും കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. പോസ്റ്റൽ ബാലറ്റ് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘത്തിനാണ് അന്വേഷണച്ചുമതല.
തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുണ്ടായിരുന്ന ബേക്കൽ പോലീസ് സ്റ്റേഷനിലെ 33 പോലീസുകാർക്ക്, അപേക്ഷ നൽകിയിട്ടും പോസ്റ്റൽ ബാലറ്റ് കിട്ടിയിട്ടില്ലെന്നാണ് പരാതി. സിഐ മുതൽ ഹോംഗാർഡ് വരെയുള്ള 44 ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുണ്ടായിരുന്നത്. എല്ലാവരും പോസ്റ്റൽ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും 11 പേർക്കു മാത്രമാണ് ഇതുവരെ ബാലറ്റ് കിട്ടിയിട്ടുള്ളത്. വരണാധികാരിക്കു പരാതി നൽകിയിരുന്നു. എന്നാൽ, യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഇവർ ആരോപിക്കുന്നു.

