Wednesday, May 1, 2024
spot_img

തിരുവന്തപുരത്ത്‌ സാമൂഹ്യവിരുദ്ധരുടെ ക്രൂരവിനോദം: ഗർഭിണിയായ പൂച്ചയെ തൂക്കിക്കൊന്നു

വഞ്ചിയൂര്‍: തിരുവനന്തപുരം പാല്‍ക്കുളങ്ങരയില്‍ ഗര്‍ഭിണിയായ പൂച്ചയെ, ഒരു സംഘം സാമൂഹ്യവിരുദ്ധർ കെട്ടിത്തൂക്കി കൊന്നു. സമീപത്തെ ഒരുക്ലബ്ബിലെത്തിയവർ മദ്യലഹരിയിൽ ബഹളമുണ്ടാകുകയും, പൂച്ചയെ കൊല്ലുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ പ്രവർത്തകരുടെ പരാതിയിൽ പോലീസ് കേസെടുത്തു. പൂച്ചയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഈ ക്രൂരകൃത്യം നടന്നത്. ക്ലബ്ബില്‍ മദ്യപാനത്തിനും ചീട്ടുകളിക്കും ആളുകൾ എത്തുക പതിവായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മൃഗാവകാശ പ്രവര്‍ത്തക, പാര്‍വ്വതി മോഹനാണ് സംഭവം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. പൊലീസിനെ വിവരമറിയിച്ചെങ്കിലും ആദ്യം കേസെടുക്കാന്‍ തയ്യാറായില്ലെന്ന് പാര്‍വ്വതി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

തെരുവ് നായയും പൂച്ചയും സൃഷ്ടിക്കുന്ന ശല്യഞങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്നവര്‍ ഇത്തരം ദാരുണ സംഭവങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് പൂച്ചയുടെ ചിത്രത്തോടൊപ്പമാണ് പാര്‍വ്വതി മോഹന്‍ വിഷയം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇത്തരം ദുഷ്പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ അവരുടെ സന്തോഷത്തിനായി എന്തും ചെയ്യാന്‍ മടിക്കില്ലെന്നും, സംഭവത്തിന് ഉത്തരവാദികള്‍ ആയവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

മൃഗാവകാശ പ്രവര്‍ത്തകരുടെ പരാതിയില്‍ കേസെടുത്തെന്ന് വഞ്ചിയൂര്‍ പൊലീസ് അറിയിച്ചു. സെക്ഷന്‍ 429 പ്രകാരം മൃഗങ്ങളെ ഉപദ്രവിക്കുകയും, കൊല്ലുകയും ചെയ്തതിനും, സെക്ഷന്‍ 268 പ്രകാരം പൊതുശല്യത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

Related Articles

Latest Articles