Friday, May 17, 2024
spot_img

“യുക്രെയ്‌നിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് പ്രഥമപരിഗണന”; ത്രിരാഷ്ട്ര സന്ദർശനം മാറ്റിവച്ച് രാഷ്ട്രപതി

ദില്ലി: ത്രിരാഷ്ട്ര സന്ദർശനം മാറ്റിവച്ച് രാഷ്ട്രപതി(President Ramnath Kovind Trilateral Visit Postponed). റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. യുക്രെയ്‌നിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിനാണ് ഇപ്പോൾ പ്രഥമപരിഗണന നൽകേണ്ടതെന്ന് രാഷ്‌ട്രപതി വ്യക്തമാക്കി. അതോടൊപ്പം തന്റെ ത്രിരാഷ്ട്ര സന്ദർശനം മാറ്റിവച്ചതായും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം കീവ് വിടണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യൻ എംബസി. ട്രെയിനുകളോ മറ്റ് മാര്‍ഗങ്ങളോ ഉപയോഗിക്കാനാണ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. കേഴ്‌സണ്‍ നഗരം റഷ്യ പിടിച്ചെടുത്തു. നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും അടച്ചിരിക്കുകയാണ്. ചെക്‌പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 40 മൈല്‍ ദൂരത്തിലുള്ള റഷ്യന്‍ സൈനിക വാഹനവ്യൂഹം ഉടന്‍ കീവില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ യുക്രെയ്‌നിൽ നിന്ന് ഏഴാമത്തെ രക്ഷാദൗത്യ വിമാനം മുംബൈയിലെത്തി. റൊമാനിയയിലെ ബുക്കാറസ്റ്റിൽ നിന്നുള്ള വിമാനത്തിൽ 182 ഇന്ത്യക്കാരുണ്ടായിരുന്നു.

ഇതോടെ യുക്രെയ്‌നിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരുടെ എണ്ണം 1567 ആയി. യുക്രെയ്ൻ അതിർത്തി രാജ്യങ്ങളായ ഹംഗറി, റൊമാനിയ, സ്ലോവാക്യ, പോളണ്ട്, മൾഡോവ എന്നീ രാജ്യങ്ങളിലെ രക്ഷാപ്രവർത്തനത്തിന്റെ ഏകോപന ചുമതല കേന്ദ്രമന്ത്രിമാർക്കാണ്. ഹർദീപ് സിങ്ങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വി.കെ സിംഗ് എന്നിവരാണ് ഈ രാജ്യങ്ങളിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. പോളണ്ട്, മൾഡോവ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നതിനായി മന്ത്രിമാർ നീക്കം തുടങ്ങിയിട്ടുണ്ട്. പോളണ്ടിലെ ശഷു വിമാനത്താവളത്തിനടുത്താണ് അതിർത്തി കടന്നെത്തിയവരെ താമസിപ്പിക്കുന്നത്.

Related Articles

Latest Articles