Thursday, May 16, 2024
spot_img

വീണ്ടും ചരിത്രം സൃഷ്ട്ടിച്ച് ഇന്ത്യ! രാജ്യത്ത് 200 കോടി വാക്‌സിനേഷൻ പിന്നിട്ടതിൽ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം 200 കോടി കവിഞ്ഞതിൽ ഭാരതീയരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിച്ചു. രാജ്യത്തെ വാക്‌സിനേഷൻ ഡ്രൈവ് വേഗത്തിൽ മുന്നോട്ട് പ്രവർത്തിച്ച ഓരോ വ്യക്തിയെയും ഓർത്ത് അഭിമാനിക്കുന്നു. ഇത് കൊറോണയ്‌ക്കെതിരെ നടക്കുന്ന ആഗോള പോരാട്ടത്തെ ശക്തിപ്പെടുത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2021 ജനുവരി 16 മുതൽ രാജ്യവ്യാപകമായി ആരംഭിച്ച വാക്‌സിനേഷൻ യജ്ഞത്തിനൊടുവിലാണ് ഇന്ത്യയിൽ 200 കോടി വാക്‌സിൻ ഡോസുകളുടെ വിതരണം പൂർത്തീകരിച്ചത്.

പതിനെട്ട് മാസം കൊണ്ട് 200 കോടി വാക്സീൻ വിതരണം ചെയ്ത് ഇന്ത്യ റെക്കോർഡ് തീർത്തെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ ട്വീറ്റ് ചെയ്തു. രാജ്യത്തിന് ഇത് അഭിമാനകരമായ നിമിഷമാണെന്നും ഈ നേട്ടം കൈവരിക്കാൻ അക്ഷീണം പ്രയത്‌നിച്ച എല്ലാ ആരോഗ്യപ്രവർത്തകരെയും പൗരന്മാരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന കേന്ദ്രസർക്കാർ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജൂലൈ 15 മുതൽ 75 ദിവസത്തേക്ക് എല്ലാ മുതിർന്നവർക്കും സൗജന്യ മുൻകരുതൽ വാക്സിൻ ഡോസുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 75 ദിവസത്തെ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് ജൂലൈ 15 മുതൽ ആരംഭിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്ത് പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വർദ്ധനവ് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20528 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിലും വർധനവുണ്ട്. 5.23 ശതമാനം ആയി പോസിറ്റിവിറ്റി നിരക്ക് ഉയർന്നു.

Related Articles

Latest Articles