Saturday, April 27, 2024
spot_img

ഭാരതം രചിച്ച എഞ്ചിനീയറിംഗ് കാവ്യം !അടൽ സേതു രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ! നവി മുംബൈയില്‍നിന്ന് മുംബൈയിലേക്കുള്ള ദൂരം ചുരുങ്ങുക ഒന്നര മണിക്കൂറില്‍നിന്ന് 20 മിനിറ്റായി !

ഭാരതത്തിന്റെ എഞ്ചിനിയറിങ് മികവ് ലോകത്തോട് വിളിച്ചു പറയുന്ന രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ അടൽ സേതു പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഇന്ന് വൈകുന്നേരം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

മുംബൈയിലെ സെവ്‌രിയിൽ നിന്നും ആരംഭിച്ച്, റായ്ഗഡ് ജില്ലയിലെ നവ ഷെവയിൽ അവസാനിക്കുന്ന തരത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ ഒന്നായ മുംബൈയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ പാലത്തിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 18,000 കോടി രൂപ ചെലവില്‍ താനെ കടലിടുക്കിന് കുറുകേ മുബൈയേയും നവിമുംബൈയേയും ബന്ധിപ്പിച്ച് നിര്‍മിച്ച പാലത്തിന് 21.8 കിലോമീറ്ററാണ് നീളം. ലോകത്തെ ഏറ്റവും നീളമേറിയ 12-ാമത്തെ കടൽപ്പാലമാണ് അടല്‍ സേതു .കടലിൽ 16.5 കിലോമീറ്ററും, കരയിൽ 5.5 കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന രീതിയിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. പാലം തുറന്ന് കൊടുക്കുന്നതോടെ നവി മുംബൈയില്‍നിന്ന് മുംബൈയിലേക്ക് എത്താനുള്ള സമയം ഒന്നര മണിക്കൂറില്‍നിന്ന് 20 മിനിറ്റായി ചുരുങ്ങും. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്മരണാര്‍ഥമായാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ പാലത്തിന് അടല്‍ സേതു എന്ന പേര് നല്‍കിയത് (അടല്‍ ബിഹാരി വാജ്‌പേയി സ്മൃതി ന്ഹാവാ ശേവാ അടല്‍ സേതു).

അതേസമയം മോട്ടോർ സൈക്കിളുകൾ, മുച്ചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ട്രാക്ടറുകൾ, മൃഗങ്ങൾ വലിക്കുന്ന വാഹനങ്ങൾ, വേഗത കുറഞ്ഞ വാഹനങ്ങൾ തുടങ്ങിയവയ്ക്ക് പാലത്തിലൂടെ സഞ്ചരിക്കാനുള്ള അനുമതിയില്ല. ഓരോ വിഭാഗം വാഹനങ്ങള്‍ക്കും പ്രത്യേകം ടോള്‍ നിരക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാറിന് ഒരുവശത്തേക്ക് മാത്രം 250 രൂപയാണ് ടോള്‍. ഇരുവശത്തേക്കും 375 രൂപയാകും. സ്ഥിരം യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ പ്രതിദിന, പ്രതിമാസ പാസുകളും വാങ്ങാം. ടോള്‍ പിരിക്കുന്നതിനായി പരമ്പരാഗത ടോള്‍ ബൂത്തുകള്‍ അടല്‍ സേതുവിലില്ല. പകരം അത്യാധുനിക സാങ്കതിക വിദ്യ ഉപയോഗിച്ചുള്ള ഓപ്പണ്‍ ടോളിങ് സിസ്റ്റമാണ് സജ്ജീകരിച്ചിട്ടുള്ളത്. 2024 മുതല്‍ 2053 വരെ 30 വര്‍ഷത്തേക്കാണ് നിര്‍ദ്ദിഷ്ട ടോള്‍ സജ്ജീകരിച്ചിരിക്കുന്നത്

Related Articles

Latest Articles