Saturday, September 19, 2026

വന്ദേഭാരത് ഉദ്ഘാടന യാത്രയിൽ പ്രധാനമന്ത്രിയുണ്ടാകില്ല; ഫ്‌ളാഗ് ഓഫിനുശേഷം റെയിൽവേ സ്റ്റേഷനിൽ വിദ്യാർത്ഥികളുമായി സംവദിക്കും

തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങ് വരുന്ന 25-ന് നടക്കും. രാവിലെ 10.30 മുതല്‍ 10.50 വരെയാണ് ചടങ്ങുകള്‍ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുന്നത്. എന്നാൽ വന്ദേഭാരത് ഉദ്ഘാടന യാത്രയില്‍ പ്രധാനമന്ത്രിയുണ്ടായിരിക്കില്ല.

രണ്ടു ദിവസത്തെ കേരളാ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി തിങ്കളാഴ്ച കേരളത്തിലെത്തും. മധ്യപ്രദേശില്‍നിന്ന് തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വൈകുന്നേരം 5.30-ന് നാവിക ആസ്ഥാനത്ത് റോഡ് ഷോ നടത്തും. ആറിന് തേവര എസ്.എച്ച്. കോളേജ് മൈതാനത്ത് ബി.ജെ.പി. നടത്തുന്ന യുവം കോണ്‍ക്ലേവില്‍ സംസാരിക്കും. വൈകുന്നേരം താജ് മലബാറിലാണ് അദ്ദേഹം തങ്ങുക.

പ്രധാനമന്ത്രി പിറ്റേദിവസം രാവിലെ 10.15-ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തും. തുടർന്ന് 10.30-ന് വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യും. 20 മിനിറ്റാണ് അദ്ദേഹം ഉദ്ഘാടന സംഗമത്തില്‍ പങ്കെടുക്കുക. വന്ദേഭാരത് ഉദ്ഘാടന ഓട്ടത്തില്‍ പങ്കെടുക്കാത്ത വിധത്തിലാണ് പുറത്തിറങ്ങിയ പുതിയ സമയക്രമം. യാത്രയിൽ പങ്കെടുന്നതിന് പകരമായി അദ്ദേഹം റെയില്‍വേ സ്റ്റേഷനില്‍ വിദ്യാർത്ഥികളുമായി സംവദിക്കും. തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചോളം വിദ്യാർത്ഥികളാകും ഇതില്‍ പങ്കെടുക്കുക.

സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തുന്ന പ്രധാനമന്ത്രി 11 മണിയോടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിക്കും. കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം തിരുവനന്തപുരത്തുവെച്ചാണ് നിർവഹിക്കുന്നത്. 12.15 വരെയുള്ള ഈ പരിപാടിക്ക് ശേഷം 12.40-ഓടു കൂടി അദ്ദേഹം സൂറത്തിലേക്ക് മടങ്ങും.

Related Articles

Latest Articles