Thursday, May 2, 2024
spot_img

നിരോധനാജ്ഞ ലംഘനം; രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക വധേരയ്ക്കുമെതിരെ പോലീസ് കേസെടുത്തു

ലഖ്‌നൗ: ഹത്രാസിലെ പെണ്‍കുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക വധേരയ്ക്കുമെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ലംഘിച്ചുവെന്ന കുറ്റം ചുമത്തിയാണ് കേസ്. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഗൗതം ബുദ്ധ നഗര്‍ ജില്ലയില്‍ പ്രഖ്യാപിച്ച 144 ലംഘിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. തിരിച്ചറിയുന്ന 153 പേര്‍ക്കെതിരെയും തിരിച്ചറിയാന്‍ കഴിയാത്ത 50 പേര്‍ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായി കൊല്ലപ്പെട്ട യുവതിയുടെ വീട് സന്ദര്‍ശിക്കാന്‍ രാഹുലും പ്രിയങ്കയും ഉള്‍പ്പെട്ട സംഘം ഇന്നലെ പുറപ്പെട്ടിരുന്നു. എന്നാല്‍ ഇവരെ യു.പി. പോലീസ് വഴിമധ്യേ തടഞ്ഞിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഗൗതം ബുദ്ധ നഗറില്‍ 144 പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ യാത്ര നിര്‍ത്താന്‍ രാഹുലിനോടും സംഘത്തോടും ആവശ്യപ്പെട്ടു. എന്നാല്‍ യാത്ര അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് വാഹനം തടഞ്ഞപ്പോള്‍ നടന്നുപോകാന്‍ തീരുമാനിച്ച രാഹുലിനേയും പ്രിയങ്കയേയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കര്‍ത്തവ്യ നിര്‍വഹണത്തില്‍നിന്ന് തടയല്‍, മാരക ആയുധങ്ങള്‍ കൈവശം വെക്കല്‍ തുടങ്ങിയ വകുപ്പുകളും ഇവര്‍ക്കു മീതേ ചുമത്തിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും മാര്‍ച്ച്‌ നടത്തിയ പ്രവര്‍ത്തകര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ഗൗതംബുദ്ധ നഗര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. അധികൃതര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ലംഘിച്ചു, മനുഷ്യജീവന് ഭീഷണിയാകുന്ന മാരകരോഗങ്ങള്‍ പടര്‍ത്താന്‍ ശ്രമിച്ചു, തുടങ്ങി നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Related Articles

Latest Articles