Tuesday, September 29, 2026

പി ടി സെവന്റെ കാഴ്ചശക്തി തിരിച്ച് കിട്ടും; പത്തുദിവസത്തിനകം ശസ്ത്രക്രിയ നടത്താൻ തീരുമാനം, ആനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി

പാലക്കാട്: പി ടി സെവന്‍ എന്ന കാട്ടാനയുടെ കാഴ്ച ശക്തി തിരിച്ചുകിട്ടുന്നതിന് ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങി വനംവകുപ്പ്. കാഴ്ച ശക്തിയില്ലാത്ത വലതു കണ്ണിന് പത്തുദിവസത്തിനകം ശസ്ത്രക്രിയ നടത്താനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഫോറസ്റ്റ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ അരുണ്‍ സക്കറിയുടെ നേതൃത്വത്തില്‍ കാട്ടാനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയിട്ടുണ്ട്.
ആഴ്ചകള്‍ക്ക് മുന്‍പാണ് പി ടി സെവന്റെ വലതു കണ്ണിന് കാഴ്ചയില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഹൈക്കോടതി നിയോഗിച്ച സമിതിക്ക് വനംവകുപ്പ് കൈമാറിയത്.

ഏറെക്കാലം പാലക്കാട് ധോണിയെ വിറപ്പിച്ച പി ടി സെവനെ ആറു മാസങ്ങള്‍ക്ക് മുമ്പാണ് ദൗത്യസേന പിടികൂടി ധോണി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റിയത്.മയക്കു വെടിവെച്ച് പിടികൂടുമ്പോള്‍ തന്നെ കണ്ണിന് കാഴ്ചശക്തിയില്ലായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറയുന്നത്. പിടികൂടുമ്പോള്‍ ആനയുടെ ശരീരത്തില്‍ പെല്ലറ്റുകള്‍ കണ്ടെത്തിയിരുന്നു.പെല്ലറ്റ് തറച്ചോ മറ്റേതെങ്കിലും അപകടത്തില്‍പ്പെട്ടോ കാഴ്ചശക്തി നഷ്ടപ്പെട്ടതാകാമെന്നാണ് നിഗമനം. മരുന്ന് നല്‍കിയിട്ടും കാഴ്ചശക്തിയില്‍ മാറ്റമില്ലാത്തതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്താന്‍ വനംവകുപ്പ് ഒരുങ്ങുന്നത്.

Related Articles

Latest Articles